തടിക്കെട്ട് മാതൃകയിൽ ‘കഴുത്തിലെ കെട്ട്’; ഡോക്ടറുടെ സംശയം സുനിലിന് കുരുക്കായി: ശ്രീലതയ്ക്കൊപ്പം ജീവിക്കാൻ അമ്പിളിയെ കൊന്നു!

0
154

മാവേലിക്കര: നൂറനാട് മറ്റപ്പള്ളി ഉളവുക്കാട് ആദർശ് ഭവനിൽ അമ്പിളി (36) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സുനിൽ കുമാർ (46), സുഹൃത്ത് മറ്റപ്പള്ളി ഉളവുക്കാട് ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത (53) എന്നിവർ കുറ്റക്കാരാണെന്നു കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ‘കഴുത്തിലെ കെട്ട്’.

അമ്പിളിയെ തൂക്കാൻ കഴുത്തിൽ കെട്ടിയ കെട്ട് സുനിലിനു കുരുക്കായതായി അന്വേഷണം നടത്തിയ അന്നത്തെ നൂറനാട് എസ്ഐ വി.ബിജു പറഞ്ഞു. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലാതിരുന്ന കേസിൽ, സുനിൽ അമ്പിളിയുടെ കഴുത്തിൽ കയർ ഉപയോഗിച്ചു കെട്ടിയ കുരുക്കാണു പൊലീസിനു പിടിവള്ളിയായത്. തടി വലിക്കാൻ ഉപയോഗിക്കുന്ന വടംകെട്ടുന്ന കയറാണ് അമ്പിളിയുടെ കഴുത്തിൽ കാണപ്പെട്ടത്. സാധാരണ ആത്മഹത്യ ചെയ്യുന്നവരുടെ രീതിയിലായിരുന്നില്ല കഴുത്തിലെ കുരുക്ക്. മരംവെട്ടു തൊഴിലാളിയായ സുനിൽ തടിയിൽ കെട്ടുന്ന മാതൃകയിൽ ആയിരുന്നു അമ്പിളിയുടെ കഴുത്തിൽ കയർ കെട്ടിയത്. ഈ കെട്ടാണു സംശയത്തിന് ഇടയാക്കിയത്.

അമ്പിളിയെ കെട്ടിത്തൂക്കിയ ശേഷം വീടിനു സമീപത്തുള്ള കടയിൽ പോയി തിരികെയെത്തിയ സുനിൽ മരണം ഉറപ്പിച്ചു. തുടർന്ന് സമീപവാസിയായ സ്ത്രീയോട് അമ്പിളി തൂങ്ങി മരിച്ചതായി പറ‍ഞ്ഞു. സമീപത്തുള്ളവരുടെ സഹായത്തോടെ അമ്പിളിയെ കെട്ടഴിച്ച് ഇറക്കി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കുകയായിരുന്നു.