പുത്തുമലയിൽ നിർമിച്ച വീടുകളിൽ ചോർച്ച: റിപ്പോർട്ട്‌ തേടി മനുഷ്യാവകാശ കമ്മീഷൻ

0
64

വയനാട്: പുത്തുമല ദുരന്തബാധിതർക്ക് നിർമിച്ച് നൽകിയ വീടുകളിൽ ചോർച്ച കണ്ടെത്തിയ സംഭവത്തിൽ ജില്ലാ കലക്ടറോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ന്യൂസ്‌ മലയാളം വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. വയനാട് ജില്ലാ കളക്ടർക്കാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദേശം നല്‍കിയത്.

പുത്തുമല ഉരുൾപ്പൊട്ടലുണ്ടായി ആറ് വർഷം തികയുന്ന വേളയിലാണ് വീടുകളിൽ ചോർച്ച കണ്ടെത്തിയ സംഭവത്തിൽ ജില്ലാ കലക്ടറോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടിയത്. 550 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ദുരന്തബാധിതർക്ക് നിർമിച്ച് നൽകിയത്. ഇതിൽ നാല് ലക്ഷം രൂപ സർക്കാർ ചെലവഴിക്കുകയും ബാക്കി തുക സ്പോൺസർഷിപ്പ് വഴി കണ്ടെത്തുകയുമായിരുന്നു. വിവിധ സന്നദ്ധ സംഘടനകൾ ചേർന്നാണ് ബാക്കി നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, താമസം തുടങ്ങി ആറ് മാസം തികയും മുൻപേ വീടുകൾ ചോർന്നൊലിക്കുകയായിരുന്നു.