റിയാദ്: മറ്റുളളവര്‍ക്ക് പ്രകാശം പരത്താന്‍ എരിഞ്ഞമരുന്ന മെഴുകുതിരിയായി മാറുന്ന യുവാവിന്റെ കഥ പറയുന്ന ‘ഖശ്മൂഅ്’ എന്ന സഊദി ചിത്രത്തില്‍ നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി മലയാളി കോറിയോഗ്രാഫര്‍. റിയാദിലെ പോള്‍ സ്റ്റാര്‍ അക്കാദമി ഡയറക്ടറും തിരുവനന്തപുരം ജഗതി സ്വദേശിയുമായ വിഷ്ണു വിജയനാണ് ചിത്രത്തിന് നൃത്തച്ചുവടൊരുക്കിയത്.
ഖശ്മൂഅ് എന്നാല്‍ മെഴുകുതിരി എന്നാണ് അര്‍ത്ഥം. ഇതിലെ കേന്ദ്ര കഥാപാത്രമാണ് ഖശ്മൂഅ്. വിവിധ പ്രശ്‌നങ്ങള്‍ നേരിടുകയും പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ. മാതാവിനെയും അയല്‍ക്കാരെയും സന്തോഷിപ്പിക്കാന്‍ കഠിന ശ്രമം നടത്തിയെങ്കിലും നിര്‍ഭാഗ്യം യുവാവിനെ പിന്തുടര്‍ന്നു. എന്നാല്‍ യുവാവിന്റെ സത്യസന്തതയും സമൂഹിക മൂല്യം നിലനിര്‍ത്താനുളള രസകരമായ വിവിധ സംഭവ വികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ഹാസ്യ പ്രണയ കഥ എന്ന നിലയിലാണ് സിനിമയെ ശ്രദ്ധേയമാക്കുന്നതെന്ന് വിഷ്ണു വിജയന്‍ ഓൺലൈൻ പോർട്ടലായ സഊദിടൈംസിനോട് പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ അനുഭവം പ്രേക്ഷകര്‍ക്കു സമ്മാനിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അവിടെയുളള ബോളിവുഡ് കലാകാരന്‍മാരെ കണ്ടുമുട്ടുന്നു. അവരുമായി നൃത്തച്ചുവടുവെയ്ക്കുന്ന രംഗമാണ് ചിട്ടപ്പെടുത്തിയതെന്നും വിഷ്ണു വിജയന്‍ പറഞ്ഞു.
ഈജിപ്ഷ്യന്‍ നടനും സംവിധായകനുമായ മത്താസ് അല്‍ ടോണിയാണ് സിനിമയുടെ സംവിധാനം. മുഹമ്മദ് അല്‍റാഷിദ്, മുഹമ്മദ് അജില എന്നിവരുടേതാണ് രചന. മുഹമ്മദ് അല്‍ റാഷിദ്, മുഹമ്മദ് അല്‍ജബര്‍തി, സഈദ് സാലിഹ്, അസായേല്‍ മുഹമ്മദ്, സലീം അല്‍ഖുസൈം, നവാഫ് അല്‍ സുലൈമാന്‍, ബദ്ര്‍ മുഹ്‌സിന്‍, ബയോമി ഫുവാദ് എന്നിവരാണ് വേഷമിട്ടത്.
അബുദാബി ടൂറിസം പ്രമോഷന്റെ ഭാഗമായി സഊദിയില്‍ നടന്ന ‘യാസ് ഐലന്റി’ല്‍ വിഷ്ണു വിജയന്‍ കോറിയോഗ്രഫി ചെയ്ത നൃത്തനൃത്യങ്ങള്‍ അരങ്ങേറിയിരുന്നു. ഇതാണ് സഊദി സിനിമയിലേയ്ക്കു അവസരത്തിന് വഴിയൊരുക്കിയത്.