ലഖ്‍നൗ: അഞ്ച് മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി ജീവനൊടുക്കിയ നിലയിൽ. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗ് സിങ്ങിൻ്റെ ഭാര്യ മധു സിങ്ങിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
യുവതിയെ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ നിരന്തരം മർദിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു. മകളുടെ മരണം കൊലപാതകമാണെന്ന് മധു സിങ്ങിൻ്റെ കുടുംബത്തിൻ്റെ ആരോപണം. ഇവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അനുരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മധു സിങ്ങിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായി മധുവിൻ്റെ വീട്ടുകാർ പറയുന്നു. ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് മധു സിങ്ങിൻ്റെയും അനുരാഗ് സിങ്ങിൻ്റെയും വിവാഹം നടന്നത്. അന്ന് മുതൽ സ്ത്രീധനത്തിൻ്റെ പേരിൽ കൊടിയ പീഡനങ്ങളാണ് മധു സിങ്ങിന് നേരിടേണ്ടി വന്നതെന്നാണ് കുടുംബം പറയുന്നത്.
മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹോങ് കോങ് കേന്ദ്രീകരിച്ചുള്ള ഷിപ് മാനേജ്മെൻ്റ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അനുരാഗ്. 15 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും 5 ലക്ഷം മാത്രമേ നൽകാനായുള്ളൂവെന്ന് യുവതിയുടെ കുടുംബം പറയുന്നു.
വിവാഹശേഷം ബാക്കി പണം നൽകാനായി അനുരാഗ് നിരന്തരം മധുവിൻ്റെ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൻ്റെ പേരിലുള്ള മർദനം സഹിക്കവയ്യാതെ മധു വീട്ടിലേക്ക് തിരികെ വന്നു. പിന്നീട് ബാക്കി പണം കൂടി നൽകിയപ്പോൾ അനുരാഗ് മധുവിനെ കൂട്ടിക്കൊണ്ടുപോയി.
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മധു സംസാരിക്കുന്നതിനും ഇടപെടുന്നതിനും അനുരാഗ് വിലക്കേർപ്പെടുത്തിയിരുന്നെന്നും കുടുംബം പരാതിയിൽ പറയുന്നു. അനുരാഗിന് വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്നും മധു ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും കുടുംബത്തിൻ്റെ പരാതിയിലുണ്ട്.
