സെബാസ്റ്റ്യന് വൻ സമ്പത്ത്, ചെലവാക്കുന്നത് വിശ്വസ്തരിലൂടെ മാത്രം; ബന്ധമുള്ള ഉന്നതരും നിരീക്ഷണത്തിൽ

0
300

ആലപ്പുഴ: മൂന്നുസ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ സാമ്പത്തിക സ്രോതസ്സും ഇടപാടുകളും പോലീസ് പരിശോധിക്കും. മുന്‍പ്, പോലീസ് കസ്റ്റഡിയിലായപ്പോഴും സെബാസ്റ്റ്യന് പുറത്തുനിന്ന് വലിയ സാമ്പത്തികസഹായം ലഭിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച സമ്പത്ത് വിശ്വസ്തരായ പലരും വഴിയാണ് സെബാസ്റ്റ്യന്‍ ചെലവിടുന്നതെന്നു പറയുന്നു.

കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയ്യാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.

ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.

റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ(ഐഷ-62)യെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഹയറുമ്മയെ കാണാതായത്. സെബാസ്റ്റ്യന്റെ വിശ്വസ്തയും ആത്മസുഹൃത്തുമായ അയല്‍വാസി സ്ത്രീയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സംശയകരമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവരും പോലീസ് നിരീക്ഷണത്തിലാണ്.

ഹയറുമ്മയുടെ കേസ് പുനരന്വേഷിക്കും
ചേര്‍ത്തല സ്വദേശിനി ഹയറുമ്മയുടെ (ഐഷ) തിരോധാനക്കേസ് ചേര്‍ത്തല പോലീസ് പുനരന്വേഷിക്കുന്നു. ഇതിനായി പോലീസ് കോടതിയില്‍ അനുമതി ഹര്‍ജി നല്‍കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിടുമ്പോഴാണിത്. ജില്ലാ ക്രൈംബ്രാഞ്ചിന് ഒരുഘട്ടത്തില്‍ കേസ് കൈമാറിയിരുന്നു. നിലവില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഐഷയുടേതാണെന്ന സംശയം ബലപ്പെടുന്ന ഘട്ടത്തിലാണ് പോലീസിന്റെ നീക്കം. 2013-ലാണ് ഐഷയെ കാണാതാകുന്നത്. പിന്നാലെ മൂവാറ്റുപുഴയില്‍നിന്നു ലഭിച്ച മൃതദേഹം ഐഷയുടേതെന്ന് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.