ചെങ്കോട്ടയിൽ ഡമ്മി ബോംബുമായെത്തിയയാളെ തിരിച്ചറിയാനായില്ല; ഏഴ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

0
79

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുരക്ഷാവീഴ്ചയുടെ പേരില്‍ ഏഴുപൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ചെങ്കോട്ടയിൽ നടന്ന മോക്ഡ്രില്ലില്‍ ഡമ്മി ബോംബുമായി എത്തിയയാളെ തിരിച്ചറിയാനാകാത്ത കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഉൾപ്പെടെയുള്ള ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.ചെങ്കോട്ടയുടെ സുരക്ഷ ചുമതലയുള്ളവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഡൽഹി പൊലീസ് ദിവസേന സുരക്ഷാ പരിശീലനം നടത്തിവരികയാണ്. ശനിയാഴ്ച സ്‌പെഷ്യൽ സെൽ നടത്തിയ മോക്ഡ്രില്ലില്‍ സിവിലിയന്മാരുടെ വേഷം ധരിച്ച് ഡമ്മി ബോംബുമായി ഒരാള്‍ ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചു. എന്നാല്‍ ഈ ഡമ്മി ബോംബ് കണ്ടെത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും ഡൽഹി പൊലീസ് വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.അതുകൊണ്ടാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.