വലവിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെ; ഹോസ്റ്റലും പിജിയും കേന്ദ്രം: 22കാരി പിടിയിൽ

0
295

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.

32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം എത്തിയത്. യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് പറഞ്ഞു. 

ലഹരി വാങ്ങാനായി സാമൂഹിക മാധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ  പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി. അന്വേഷണസംഘം ബെംഗളൂരുവിലെത്തി പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അനുഷ കുടുങ്ങിയത്. മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷയുടെ ഇടപാടുകൾ. സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ചതിക്കുഴിയിൽ പെടുത്തുന്നത്.