മനാമ: പ്രണയത്തിൽ നിന്ന് പിൻമാറിയതിൽ പ്രകോപിതനായി യുവതിയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രവാസിക്ക് 10 വർഷം തടവ്. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും ബഹ്റൈൻ ക്രിമിനൽ കോടതി ഉത്തരവിട്ടു. 43കാരനായ ആഫ്രിക്കൻ സ്വദേശിക്കാണ് കോടതി തടവും നാടുകടത്തലും വിധിച്ചത്.
ഒരു വർഷത്തെ പ്രണയം അവസാനിപ്പിച്ച് സൗഹൃദം തുടരാമെന്ന യുവതിയുടെ തീരുമാനമാണ് ഇയാൾക്ക് പ്രകോപനമായത്. സന്തോഷത്തോടെ പിരിയാമെന്ന് കരുതി പങ്കാളിയെ യുവതി താമസ സ്ഥലത്തേക്ക് ക്ഷണിച്ചു. യുവതിയുടെ തീരുമാനം അറിഞ്ഞതോടെ ഇയാൾ അക്രമാസക്തനാകുകയും യുവതിയെ കിടക്കയിലേക്ക് വലിച്ചിട്ട് തുടർച്ചയായി ചുറ്റിക കൊണ്ട് ശരീരത്ത് അടിച്ച് കൊലപ്പെടുത്താനും ശ്രമിക്കുകയായിരുന്നു.
ഗ്യാസ് സിലിണ്ടർ മാറാനായി അപ്പാർട്മെന്റിലെ സുഹൃത്തുക്കളിലൊരാൾ ആകസ്മികമായി ഫ്ളാറ്റിലേക്ക് എത്തിയപ്പോൾ ചോരയൊലിപ്പിച്ച ശരീരവുമായി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരുക്കേറ്റ യുവതിയെ സുഹൃത്താണ് ആശുപത്രിയിൽ എത്തിച്ചത്.
