യുക്രൈന്‍ ആക്രമണം: റഷ്യയിലെ സോച്ചിയില്‍ എണ്ണ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം

0
225

മോസ്‌കോ/കീവ്: യുക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റീജണല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് ഞായറാഴ്ച പറഞ്ഞു.

യുക്രൈന്റെ ഡ്രോണ്‍ എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധനടാങ്കുകളിലൊന്നില്‍ പതിച്ചതായും ഇതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണവിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രംഗത്തുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏകദേശം 2000 ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുള്ള ഇന്ധനടാങ്കിനാണ് തീപ്പിടിച്ചതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തെ തുടര്‍ന്ന് സോച്ചിയിലെ വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകളെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചു.

റയാസാന്‍, പെന്‍സ തുടങ്ങിയ നഗരങ്ങള്‍ ലക്ഷ്യമിട്ടും യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റഷ്യയുടെ ആരോപണം. ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും റഷ്യന്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ കഴിഞ്ഞദിവസം രാത്രിമുതല്‍ യുക്രൈന്‍ തൊടുത്തുവിട്ട 93 ഡ്രോണുകള്‍ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെട്ടു. ഇതില്‍ 60 എണ്ണവും തടുത്തത് കരിങ്കടലിന് മുകളില്‍വെച്ചാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സോച്ചിയിലെ തീപ്പിടിത്തത്തിൻ്റെ ദൃശ്യങ്ങളെന്ന് പറഞ്ഞ് ഒട്ടേറെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. യുക്രൈനിൽനിന്നുള്ള എക്സ് അക്കൗണ്ടുകളില്‍നിന്നാണ്‌ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് വാർത്താ ഏജൻസികൾ സ്ഥിരീകരണം നൽകിയിട്ടില്ല.

അതേസമയം, മികോലെയ്‌വില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റതായി യുക്രൈന്‍ ആരോപിച്ചു. മിസൈല്‍ ആക്രമണത്തില്‍ വീടുകളടക്കം തകര്‍ന്നതായും റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തിയെന്നും യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിമുതല്‍ 76 ഡ്രോണുകളും ഏഴുമിസൈലുകളുമാണ് റഷ്യ തൊടുത്തുവിട്ടതെന്നും ഇതില്‍ 60 ഡ്രോണുകളും വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. 16 ഡ്രോണുകളും ആറ് മിസൈലുകളും എട്ടുകേന്ദ്രങ്ങളിലായാണ് പതിച്ചതെന്നും യുക്രൈന്‍ വ്യോമസേന പറഞ്ഞു.