വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

0
147

ബെംഗളൂരു: ഹാസനിലെ ഫാം ഹൗസിൽ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. 

രാഷ്ട്രീയത്തില്‍ പെട്ടന്ന് വളര്‍ന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് പ്രജ്വൽ രേവണ്ണ കോടതിയിൽ പറഞ്ഞു. ആരെയും ഉപദ്രവിച്ചിട്ടില്ല. തനിക്കെതിരെ സ്വമേധയാ സ്ത്രീകളാരും പരാതി നല്‍കിയില്ല. പ്രോസിക്യൂഷന്‍ മനഃപ്പൂർവം അവരെ രംഗത്ത് കൊണ്ടുവന്നതാണെന്ന് പറഞ്ഞ പ്രജ്വൽ രേവണ്ണ കോടതിയിൽ പൊട്ടിക്കരഞ്ഞു. 

ആറു മാസമായി താൻ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബത്തെ കണ്ടിട്ടെന്നും പ്രജ്വൽ രേവണ്ണ പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന വിധി പുറത്തുവന്നത്. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാലു പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.

2024 ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഹാസനിൽ അശ്ലീല വിഡിയോകളടങ്ങിയ പെൻഡ്രൈവുകൾ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 2 തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും വച്ച് ജോലിക്കാരിയെ പീഡിപ്പിച്ചെന്നും മൊബൈലിൽ രംഗങ്ങൾ ചിത്രീകരിച്ചെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ജോലിക്കാരിയെ പിന്നീട് മൈസൂരു കെആർ നഗറിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന കേസിൽ പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയും മാതാവ് ഭവാനി രേവണ്ണയും പ്രതികളാണ്.