കൊച്ചി വൈപ്പിൻ പെരുമ്പിള്ളിയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാരോളിൽ 75 വയസുള്ള കെ.എ.സുധാകരൻ, അറുപത്തിയെട്ടുകാരിയായ ഭാര്യ ജിജി എന്നിവരാണ് മരിച്ചത്.സുധാകരന്‍റെ ശരീരത്തിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി വീടിന് പുറത്തേക്ക് ദമ്പതികളെ കാണാത്തതിനെ തുടർന്ന് വാർഡ് മെമ്പറും പരിസര വാസികളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വാടകവീട്ടിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.ഭാര്യ ജിജി അസുഖബാധിതയായിരുന്നുവെന്നത് സുധാകരനെ അലട്ടിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്.മൂത്തയാൾ എറണാകുളത്തും ഇളയമകൻ ദമ്പതികളുടെ വാടകവീടിനടുത്തുമാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ചയാകാം മരണം സംഭവിച്ചതെന്നാണ് അനുമാനം. ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.