ഒന്നുമറിയാതെ ഒരുമിച്ചുറങ്ങിയ മനുഷ്യര്‍; ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്

വയനാട്: രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ മഹാദുരന്തത്തില്‍ 330 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മുറിവുണങ്ങാത്ത ഓര്മ്മകള്‍ക്ക് ഒരാണ്ട് തികയുമ്പോഴും സര്‍ക്കാരിന്റെയടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.

ഓര്‍ക്കാപ്പുറത്ത് ഇരച്ചെത്തിയ ഉരുള്‍.ഒന്നുമറിയാതെ ഒരുമിച്ചുറങ്ങിയ മനുഷ്യര്‍..ഒരേ സമയം കണ്ടൊരു പേക്കിനാവ്.ഒരു പിടിയും തരാതെ..ഒന്നലറി വിളിക്കാന്‍ പോലുമാകാതെ.. ഒന്നുമെവിടെയും ബാക്കി വെക്കാതെ ആഴങ്ങളിലേക്ക് ഒരുമിച്ചിറങ്ങിപ്പോയ മനുഷ്യര്‍. ഒന്നുമറിയാതെ പുലര്‍ന്ന പകലില്‍ ഒരേ മനസ്സുമായി ഇരച്ചെത്തിയ ഒരായിരം മനുഷ്യരുണ്ടായിരുന്നു.

മുണ്ടക്കൈ ദുരന്തത്തിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത് ചാലിയാറിൽ നിന്നായിരുന്നു. കുത്തിയൊലിച്ച് എത്തിയ ചാലിയാർ പുഴയിലും ഉൾവനത്തിലും ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ 253 മൃതദേഹങ്ങളാണ് ലഭിച്ചത്. ദുരന്തത്തിന്റെ ആഘാതം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കിലോമീറ്ററുകൾക്കിപ്പുറം ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ മൃതദേഹങ്ങളും.

ഇതെല്ലാം കഴിഞ്ഞിട്ട് ഒരാണ്ട് പിന്നിടുന്നു. എങ്ങും ഒരേ മൂകത മാത്രം.ഒച്ചയനക്കങ്ങളില്ലാതായതോടെ വന്യത മൂടിയ മുണ്ടക്കൈ മാറി.ഒന്നെണീറ്റു നില്‍ക്കാനുള്ള ആരോഗ്യമില്ലാതെ ഒരേ കിടപ്പിലായ ചൂരല്‍മലയില്‍ പുനരധിവാസവും ഇനിയും എങ്ങുമെത്തിയില്ല. ഒരു പട്ടികയിലും പെടാതെ ഒറ്റപ്പെട്ടുപോയത് നിരവധി പേരാണ്.