വീട്ടുജോലിക്കാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; ദമ്പതികൾക്ക് വധശിക്ഷ

0
252

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശികളായ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.

ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയെ പുറത്ത് പോകാൻ അനുവദിക്കാതെ തടങ്കലിലാക്കി ദമ്പതികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വടികൊണ്ട് തുടർച്ചയായി തല്ലുകയും ഗുരുതര പരുക്കുണ്ടായിട്ടും വൈദ്യപരിചരണം നൽകാതെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതുമാണ് മരണത്തിന് ഇടയാക്കിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഇരുവരും ചേർന്ന്  മൃതദേഹം പൂന്തോട്ടത്തിൽ മറവു ചെയ്യുകയുമായിരുന്നു. മരിക്കുന്നതു വരെ വൈദ്യപരിചരണം നിഷേധിച്ചതായും കോടതി കണ്ടെത്തി. 

അനധികൃതമായി തടഞ്ഞുവയ്ക്കൽ, വൈദ്യപരിചരണം നിഷേധിക്കൽ, നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കൽ തുടങ്ങിയ കുറ്റങ്ങളും ദമ്പതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വീട്ടുജോലിക്കാരിയെ  മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്നും ഇരുവർക്കും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതേസമയം ക്രിമിനൽ കോടതിയുടെ വിധിക്കെതിരെ ദമ്പതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാം.