വാഷിങ്ടൻ: ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെ ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു.
ബോയിങിന്റെ 737 മാക്സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതായി വിമാനക്കമ്പനി അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽനിന്ന് താഴേക്ക് ഇറങ്ങുന്നതും ലാൻഡിങ് ഗിയറിൽ തീ കത്തുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. പ്രദേശമാകെ പുക നിറഞ്ഞു.
