- ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. ക്ലാസിൽ കുട്ടികൾ പഠിച്ച് കൊണ്ടിരിക്കെയാണ് ദുരന്തം
ജയ്പൂർ: രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. ജലവാറിലെ മനോഹർതനയിലെ പീപ്ലോഡി ഗവൺമെന്റ് സ്‌കൂളിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. ക്ലാസിൽ കുട്ടികൾ പഠിച്ച് കൊണ്ടിരിക്കെയാണ് ക്ലാസ് മുറിയുടെ മേൽക്കൂര തകർന്ന് വീണത്.
സംഭവ സമയത്ത് 35 ഓളം വിദ്യാർഥികൾ ക്ലാസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചില കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടം നടന്നതിന് പിന്നാലെ അധ്യാപകരും, പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ പുറത്തെത്തിച്ചു. കുട്ടികളെ ചികിത്സയ്ക്കായി മനോഹർ താന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. കനത്ത മഴയും കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥയും കാരണമാണ് സ്കൂളിന്റെ മേൽക്കൂര തകർന്നുവീണതെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
അതേസമയം പരിക്കേറ്റ കുട്ടികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.
അതേസമയം അപകടത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സ്‌കൂളിന്റെ ശോചനീയാവസ്ഥയെ കുറിച്ച് തഹസീല്‍ദാറിനും, ഉപജില്ലാ മജിസ്‌ട്രേറ്റിനും പരാതി നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്നാണ് ആരോപണം.
എന്നാല്‍ ആരോപണം ജില്ല ഭരണകൂടം നിഷേധിച്ചു. ശോചനീയാവസ്ഥയിലായ സ്‌കൂളുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ജില്ല ഭരണകൂടം അറിയിച്ചിരുന്നെങ്കിലും, അപകടം നടന്ന സ്‌കൂള്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും കളക്ടര്‍ അജയ് സിങ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
