കൂട്ടിക്കൊണ്ടുപോകണമെന്ന് മകൾ, രാവിലെ വരാമെന്ന് അമ്മ; പിന്നാലെ കുഴഞ്ഞുവീണെന്ന് ഫോൺ; കയർ പൊ‌ട്ടി നേഹ നിലത്തുവീണു?

0
141

പാലക്കാട്: ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാലക്കാട് കണ്ണമ്പ്ര സ്വദേശി നേഹയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകമാണെന്ന് നേഹയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് നേഹയെ ഭർത്താവ് പ്രദീപിന്റെ ആലത്തൂരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ തൊട്ടിൽക്കൊളുത്തിലാണ് നേഹ തൂങ്ങിയത്. പിന്നീട് കയർപൊട്ടി നിലത്ത് വീണതാകാമെന്നാണ് നിഗമനം.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് നേഹയുടെ ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ ചെരിപ്പുകടയിൽ സെയിൽസ്‌ മാനായ പ്രദീപ് നേഹയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച രാത്രിയും നേഹയുമായി പ്രദീപ് വഴക്കിട്ടു. ഇതോടെ രാത്രി പത്തരയോടെ, വീട്ടിൽ പ്രശ്നമാണെന്നും തന്നെ വന്നു കൂട്ടിക്കൊണ്ടുപോകണമെന്നും നേഹ അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു.

അച്ഛന് പനിയാണെന്നും പിറ്റേന്ന് രാവിലെ വന്ന് കൂട്ടിക്കൊണ്ടു പോരാമെന്നുമാണ് അമ്മ നേഹയോടു പറഞ്ഞത്. എന്നാൽ രണ്ടു മണിക്കൂറിനുശേഷം മകൾ കുഴഞ്ഞുവീണെന്നു പറഞ്ഞ് നേഹയുടെ ഭർതൃവീട്ടിൽനിന്ന് ഫോൺ ചെയ്യുകയായിരുന്നെന്ന് നേഹയുടെ ബന്ധുക്കൾ പറയുന്നു.

ബുധനാഴ്ച രാത്രി 12.30 ഓടെയാണ് നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേഹയുടെ കഴുത്തിൽ പാട് കണ്ട് അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിക്കുന്നത്