അമ്മയുടെ കണ്ണീരിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം; പ്രതിയെ കൊലപ്പെടുത്തി 21കാരന്‍

0
70

ഒരു പതിറ്റാണ്ട് മുന്‍പ് തന്‍റെ അമ്മയെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത ആളിനോട് തീരാത്ത പക സൂക്ഷിച്ച് കാത്തിരുന്ന് കൊല നടത്തി മകന്‍റെ പ്രതികാരം. ഉത്തല്‍പ്രദേശിലെ ലക്നൗവിലാണ് സിനിമയെ വെല്ലുന്ന പ്രതികാരവും കൊലപാതകവും നടന്നത്. കേസില്‍ മുഖ്യപ്രതി സോനു കശ്യപിനെയും 4 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 22 ന് കല്യാൺപൂർ പ്രദേശത്ത് നടന്ന 32 കാരന്‍റെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് പതിറ്റാണ്ട് പഴക്കമുള്ള പ്രതികാരമാണെന്നാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് പറഞ്ഞത്. കല്യാൺപൂരിലെ മൻമീത് ഡയറിക്ക് സമീപം മനോജ് കുമാറിനെ ഇരുമ്പ് വടിയും വടിയും ഉപയോഗിച്ച് അടിച്ച് കൊന്നായിരുന്നു പതിറ്റാണ്ട് നീണ്ട പകപോക്കൽ. കേസിലെ പ്രധാന പ്രതി ഡെലിവറി ബോയ് ആയ സോനു കശ്യപ് എന്ന 21കാരനാണ്. കൊല നടത്താന്‍ ഇയാള്‍ക്കൊപ്പം ചേര്‍ന്ന ഡെലിവറി ബോയ് സണ്ണി കശ്യപ് (20), ഡ്രൈവറായ സൽമാൻ (30), ഷോപ്പിംഗ് സെന്‍റര്‍ ജീവനക്കാരൻ രഞ്ജിത് കുമാർ (21), റഹ്മത്ത് അലി (25) എന്നിവരെയും പൊലീസ് പിടികൂടി.

കൊലചെയ്യപ്പെട്ട മനോജ് 2015ൽ സോനുവിന് 11 വയസ്സുള്ളപ്പോൾ അയാളുടെ അമ്മയെ തല്ലുകയും പരസ്യമായി പീഡിപ്പിക്കുകയും ചെയ്തതാണ് വര്‍ഷങ്ങള്‍ നീണ്ട പകയ്ക്ക് കാരണം.  സോനുവിന്‍റെ അമ്മയെ മർദിച്ച ശേഷം  മനോജ് നാടുവിട്ടു. ഈ സംഭവത്തിന് ശേഷം അമ്മയ്ക്ക് ഓർമ്മ നഷ്ടപ്പെടുകയും അപസ്മാരം പിടിപെടുകയും ചെയ്തു. തന്‍റെ അമ്മയെ അപമാനിച്ചതിൽ അസ്വസ്ഥനും പ്രകോപിതനുമായ സോനു മനോജിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും മനോജിനെ കണ്ടെത്താനായില്ല.

ഏകദേശം മൂന്ന് മാസം മുന്‍പാണ് നഗരത്തിലെ മുൻഷി പുലിയ പ്രദേശത്ത് വെച്ച് തേങ്ങാവെള്ളം വിൽക്കുന്ന മനോജിനെ സോനു വീണ്ടും കാണാനിടയായത്. അവിടെവെച്ചാണ് പ്രതികാരം ചെയ്യാനുള്ള  ആസൂത്രണം തുടങ്ങിയത്. മനോജിന്‍റെ ദൈനംദിന പ്രവൃത്തികള്‍ കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയ സോനു അയാളെ ഇല്ലാതാക്കാൻ പദ്ധതികള്‍ തയ്യാറാക്കി. കൊലപാതകത്തിന് ശേഷം ഒരു മദ്യസല്‍ക്കാരം നടത്താമെന്ന് വാദ്ഗാനം ചെയ്ത് ‌ഗൂഢാലോചനയിൽ  നാല് സുഹൃത്തുക്കളെയും സോനു കൂടെക്കൂട്ടി. മേയ് 22ന് കടയടച്ച് തനിച്ച് നടന്നുവന്ന മനോജിനെ അഞ്ചുപേരും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് പാതി ജീവനോടെ ഉപേക്ഷിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മനോജ് മരിച്ചു.

കൊലപാതകശേഷം പ്രതികളെ പിടികൂടാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. പ്രതികളുടെദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിരുന്നെങ്കിലും പോലീസിന് അവരെ എവിടെയും കണ്ടെത്താനായില്ല. അതിനിടെ, കൊലപാതകത്തിന് കൂട്ടുചേര്‍ന്നതിന് സമ്മാനമായി സുഹൃത്തുക്കൾക്കായി സോനു ആഡംബര മദ്യസല്‍ക്കാരം നടത്തി.ഇതിന്‍റെ ചിത്രങ്ങള്‍‌ സോഷ്യല്‍മീഡിയയില്‍ കണ്ടെടുത്തതാണ് പൊലീസിന് പ്രതികളിലേക്കെത്താന്‍ സഹായകമായത്.  കൊലപാതകസമയത്ത് ധരിച്ചിരുന്ന അതേ ഓറഞ്ച് ടീ ഷർട്ട് തന്നെയാണ് മദ്യസല്‍ക്കാര സമയത്തും ഇയാൾ ധരിച്ചിരുന്നത്. തുടർന്നാണ് പോലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്.