കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
243
  • രണ്ട് മണിക്കൂറിന് ശേഷം കരിപ്പൂരില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ 375 എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അതേസമയം മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രാക്കാരും ഏഴ് കുട്ടികളും ജീവനക്കാരും ഉള്‍പ്പെടെ ആകെ 188 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 9.07നാണ് എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്.

എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം 11.12ന് കരിപ്പൂരില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ ക്യാബിനില്‍ എന്തോ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാങ്കേതിക തകരാര്‍ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കിയതെന്നും ഉച്ചയ്ക്ക് 1.30ന് ബദല്‍ വിമാനം ഉണ്ടാകുമെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വക്താവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ സമയം വരെയും യാത്രക്കാര്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.