കേരളത്തിൽ ഞായർ വരെ ശക്തമായ മഴ; ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
193

തിരുവനന്തപുരം: കേരളത്തിൽ ഞായർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യത. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി. 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.‌

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഗ്രീൻ അലർട്ടുമാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്.

∙ ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

∙ യെലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ‌യെലോ അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

∙ ഗ്രീൻ അലർട്ട്
ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.