ട്രാൻസ്ജെൻഡറായി ജീവിച്ചയാൾ യഥാർഥത്തിൽ ബം​​ഗ്ലാദേശി പൗരൻ; അന്വേഷണത്തിന് തുടക്കമിട്ട് പോലീസ്

0
296

ഭോപ്പാൽ: ഇന്ത്യയിൽ ട്രാൻസ്ജെൻഡറെന്ന വ്യാജേനെ നേഹ എന്ന പേരിൽ ജീവിച്ചയാൾ യഥാർഥത്തിൽ ബം​​ഗ്ലാദേശി പൗരനായായ അബ്ദുൾ കലാമാണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഭോപ്പാൽ പോലീസ്. അനധികൃത കുടിയേറ്റവും ആൾമാറാട്ട തട്ടിപ്പും നടത്തിയ ഇയാളിലൂടെ വലിയ തട്ടിപ്പ് മാഫിയകളിലേക്ക് അന്വേഷണം നടത്താനൊരുങ്ങുകയാണ് അന്വേഷണസംഘം.

പത്തു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന അബ്ദുൾ, രണ്ടുവർഷക്കാലം മുംബൈയിൽ ചെലവഴിച്ചു. പിന്നീട് ഭോപ്പാലിലെ ബുധ്വാരാ പ്രദേശത്ത് താമസമാക്കി. ഇതിന് ശേഷം ഇയാൾ ട്രാൻസ്ജെൻഡർ സമൂഹത്തിൽ സജീവ അംഗമാവുകയായിരുന്നു. പ്രദേശത്തെ ഏജന്റുമാരുടെ സഹായത്താൽ, വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകളും സ്വന്തമാക്കി.

ഈ രേഖകൾ ഉപയോ​ഗിച്ച് ഇയാൾ വിദേശയാത്രകളും നടത്തിയിട്ടുണ്ട്. അബ്ദുലിന് വ്യാജ തിരിച്ചറിയൽ രേഖകൾ സ്വന്തമാക്കാൻ സഹായിച്ച രണ്ട് യുവാക്കളെ പോലീസ് ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഫോറിനേഴ്സ് ആക്ട് പ്രകാരം അബ്ദുളിനെ 30 ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇയാൾ യഥാർത്ഥത്തിൽ ട്രാൻസ്ജെൻഡറാണോ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ ചമയ്ക്കാനുണ്ടാക്കിയ വ്യക്തിത്വമാണോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ ട്രാൻസ്ജെൻഡർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാളുടെ യാത്രകളും പോലീസ് അന്വേഷിക്കുന്നുണ്ട്. അബ്ദുലിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച കോളുകൾ, ചാറ്റുകൾ എന്നിവയും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഇയാളുടെ ഇന്ത്യയിലെയും വിദേശങ്ങളിലെയും പഴയ പ്രവർത്തനങ്ങൾ, യാത്രാ വിവരങ്ങൾ, ബന്ധങ്ങൾ തുടങ്ങിയവ വിശദമായി അന്വേഷിച്ച ശേഷം മാത്രമേ നടപടികൾ ആരംഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു വിദേശ പൗരൻ ഇന്ത്യയിലെ പ്രധാന നഗരമായ ഭോപ്പാലിൽ വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ ജീവിച്ചിരുന്നത് ദേശീയ സുരക്ഷയെ സംബന്ധിച്ച് ആശങ്കകൾ ഉണർത്തിയിരിക്കുകയാണ്. ഇതിന് തുടർച്ചയായി സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.