പാക്കിസ്ഥാനിൽ തത്സമയ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ വെള്ളപ്പൊക്കത്തിൽ ഒഴുകിപോയി

0
270

റാവല്‍പിണ്ടി: പാക്കിസ്ഥാനിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തത്സമയ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകൻ ഒഴുകിപോയി. റാവൽപിണ്ടിയിലെ ചാഹൻ അണക്കെട്ടിനു സമീപമാണ് സംഭവം. പാക്കിസ്ഥാനി മാധ്യമപ്രവർത്തകൻ വെള്ളപ്പൊക്കത്തിൽ ഒഴുകിപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വിഡിയോ ദൃശ്യങ്ങളിൽ അരക്കെട്ടോളം വെള്ളത്തിൽനിന്ന് റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകനെ കാണാം. ക്രമേണ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുകയും കഴുത്തോളം എത്തുകയും ചെയ്തതോടെ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ സാധിക്കാതെയായി. മൈക്കും തലയും ഉയർത്തിപ്പിടിച്ച് വാർത്താവതരണം തുടരാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. വിഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമത്തിൽ വൈറലായത്.

സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ചിലർ റിപ്പോർട്ടറുടെ ധീരമായ നിലപാടിനെയും പത്രപ്രവർത്തനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും പ്രശംസിച്ച് രംഗത്തെത്തി. എന്നാൽ, ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലേക്ക് ഒരു റിപ്പോർട്ടറെ അയച്ചതിലെ ഔചിത്യത്തെ ചോദ്യം ചെയ്ത് മറ്റ് ചിലർ രംഗത്തെത്തി. ‘ആദ്യം എഐ നിർമിതമാണെന്നാണ് കരുതിയത്, പിന്നീടാണ് ഇത് പാക്കിസ്ഥാനിലെ വെള്ളപ്പൊക്കമാണെന്ന് മനസ്സിലായത്’– മറ്റൊരു കമന്റ് ഇങ്ങനെ.

പാക്കിസ്ഥാൻ നേരിടുന്ന അതിതീവ്രമായ പ്രളയസാഹചര്യത്തിന്റെ നേർചിത്രം കൂടിയാണ് ഈ സംഭവം. ജൂലൈ 17ന് പുറത്തുവന്ന കണക്കുകൾ പ്രകാരം പഞ്ചാബ് പ്രവിശ്യയിൽ മാത്രം 54 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. രാജ്യത്തുടനീളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ വർഷത്തേക്കാൾ മഴയുടെ അളവിൽ 82 ശതമാനം വർധനവുണ്ട്.

വീഡിയോ