ഇൻസ്റ്റഗ്രാമില്‍ പരിചയപ്പെട്ട വീട്ടമ്മയ്ക്കൊപ്പം കറങ്ങാൻ കാർ മോഷ്ടിച്ച് 20കാരൻ; കുടുക്കിയത് നമ്പർപ്ലേറ്റ്

0
252

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായ വീട്ടമ്മയ്ക്കൊപ്പം നാട് ചുറ്റാനായി കാർ മോഷ്ടിച്ച 20കാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി സാബിത്തിനെയാണ് തമ്പാനൂർ പൊലീസ് തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ അടുപ്പത്തിലായ വീട്ടമ്മയ്ക്കൊപ്പം കറങ്ങാനായി, മൂവാറ്റുപുഴയിൽ നിന്ന് കാർ മോഷ്ടിച്ച 20കാരൻ തിരുവനന്തപുരത്തെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്.

രണ്ട് കുട്ടികളുടെ അമ്മയായ പൂന്തുറ സ്വദേശിക്കൊപ്പം കാറിൽ കറങ്ങി നടക്കവേയാണ് ഇയാൾ വലയിലാകുന്നത്. സാബിത്തിന്റെ കൈവശമുണ്ടായിരുന്ന മാരുതി സ്വിഫ്റ്റ് കാർ മൂവാറ്റുപുഴയിൽ നിന്ന് കവർന്നതാണെന്ന് വ്യക്തമായി.  വെള്ളൂർക്കുന്നം വാഴപ്പിള്ളി കുരുട്ടുകാവിൽ വീടിന്റെ പോർച്ചിൽ കിടന്ന കാറാണ് യുവാവ് ജൂലായ് 4ന് അടിച്ചുമാറ്റിയത്.

യുവാവ് തിരുവനന്തപുരത്തെത്തിയ ശേഷം, തൈക്കാട് സ്വദേശിയായ ഒരു അഭിഭാഷകന്റെ കാറിന്റെ നമ്പർപ്ലേറ്റ് മോഷ്ടിച്ചു. അതാണ് മോഷ്ടിച്ച കാറിൽ വെച്ചിരുന്നത്. നമ്പർപ്ലേറ്റ് മോഷണവുമായി ബന്ധപ്പെട്ട പരാതിയിലാണ് യുവാവ് കുടുങ്ങിയത്.

തിരുവനന്തപുരം  നഗരത്തിൽ കറങ്ങുകയായിരുന്ന സാബിത്തിനെ എസ്.എച്ച്.ഒ ജിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നമ്പർപ്ലേറ്റ് മോഷ്ടിച്ചതിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെയും കാറും മൂവാറ്റുപുഴ പൊലീസിന് കൈമാറി