കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദുൽഫത്താഹ് മഹ്ദി. ഇക്കാര്യം വിശദീകരിച്ച് മലയാളത്തിലും അറബിയിലും അബ്ദുൽഫത്താഹ് ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് മലയാളത്തിൽ ആണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആദ്യമെല്ലാം അറബിയിലാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ് എങ്കിലും ഇന്നലെ മുതൽ പോസ്റ്റിൽ കേരളത്തിലെ വാർത്തകൾ പ്രത്യേകം എടുത്തു പറയാൻ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ മലയാളികളുടെ പോസ്റ്റിന്റെ ലിങ്ക് ഉൾപ്പെടെ ഫത്താഹ് ഷെയർ ചെയ്യാനും തുടങ്ങി. കൃത്യമായി കേരളത്തിൽനിന്ന് ഫത്താഹിന് പി. ആർ സഹായം ലഭിക്കുന്നു എന്ന് സംശയിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് അനുമാനം.
മലയാളം ചാനലുകളിൽ വരുന്ന പോസ്റ്ററുകൾ ഉൾപ്പെടെയാണ് ഇപ്പോൾ ഫത്താഹ് ഷെയർ ചെയ്യുന്നത്. നിമിഷ പ്രിയയുടെ ശിക്ഷ മരവിപ്പിക്കാൻ തലാലിന്റെ കുടുംബം ചർച്ചകളുമായി സഹകരിച്ച് തുടങ്ങിയെന്ന 24 ന്യൂസ് ചാനലിന്റെ കാർഡ് പങ്കുവെച്ചാണ് ഇദ്ദേഹം അവസാനമായി പോസ്റ്റിട്ടത്. ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കള്ളങ്ങളും മാത്രമാണെന്ന് അബ്ദുൽഫത്താഹ് പറയുന്നു. കൊല്ലപ്പെട്ട തലാലിനെ കുറ്റപ്പെടുത്തുകയും തെളിവുകളില്ലാതെ ഇത്തരം പ്രചാരണം നടത്തുന്നതുമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിന്റെ തലാലിനെ കുറ്റക്കാരനാക്കി നിമിഷ പ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിൻറെ സഹോദരൻ സംസാരിച്ചത്.
‘ഞങ്ങൾ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല. ഇത് വരെ നമുക്ക് മാധ്യമങ്ങളിലൂടെ മാത്രം അറിയാവുന്ന ഇതെല്ലാം തെറ്റായ വാർത്തകളും പച്ചക്കള്ളങ്ങളും മാത്രമാണെന്നും വ്യക്തമാക്കുന്നു. ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ് – ഞങ്ങൾ കുടുതൽ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്’ -കുറിപ്പിൽ പറയുന്നു.
‘ഇതുവരെ ഇന്ത്യൻ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അവൾ നടത്തിയ അതിക്രമവും, ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം ഇവർ അകറ്റുകയും ഒതുക്കുകയും ചെയ്യുന്നു.
ഞങ്ങൾ പൊതുജനങ്ങളോട് പറയുന്നു: ‘ഇന്ത്യൻ മീഡിയയിൽ പ്രചരിക്കുന്ന പ്രചാരണങ്ങൾ സത്യം മാറ്റുന്നില്ല. മറിച്ചും, അതിനാൽ ഞങ്ങളുടെ നിലപാട് കൂടുതൽ ശക്തമാകുന്നു. കുറ്റവാളിക്കെതിരെയുള്ള വിധിയാകുന്ന ഖത്ൽ ശിക്ഷ (വധശിക്ഷ) നടപ്പാക്കപ്പെടണം എന്നത് ഞങ്ങളുടെ അവകാശമാണ്’ -മറ്റൊരു കുറിപ്പിൽ അബ്ദുൽഫത്താഹ് വ്യക്തമാക്കി. ഇതോടൊപ്പം നിരവധി മാധ്യമ വാർത്തകളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.
‘ഏതൊരു തർക്കവും അതിന്റെ കാരണങ്ങൾ എന്തുതന്നെയായാലും ഇത്രയും വലിയ ഒരു കൊലപാതകത്തെ അത് ന്യായീകരിക്കുന്നില്ല. കൊലപാതകം നടത്തിയതിന് ശേഷം ശരീരം വികൃതമാക്കി ഒളിപ്പിച്ചുവെക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല’ – തലാലിന്റെ സഹോദരൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ‘മധ്യസ്ഥതയും സമാധാനത്തിനുള്ള ശ്രമങ്ങളും ഞങ്ങൾക്ക് പുതുമയുള്ളതല്ല. വർഷങ്ങളായുള്ള കേസിന്റെ നാൾവഴികളിൽ മധ്യസ്ഥ ശ്രമങ്ങളും ഞങ്ങളെ സമ്മർദത്തിലാക്കാനുളള നീക്കങ്ങളുമുണ്ടായിട്ടുണ്ട്. ഇതിൽ പലതും ഇന്ത്യൻ മാധ്യമങ്ങൾ വർഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് സാധാരണവും പ്രതീക്ഷിച്ചതുമാണ്. എന്നാൽ, ഒരു ഓഫറും ഞങ്ങളുടെ തീരുമാനത്തെ മാറ്റിയിട്ടില്ല. ഇപ്പോൾ വധശിക്ഷ മാറ്റിവെച്ചിരിക്കുകയാണ്. അത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. വധശിക്ഷ നിർത്തിവെച്ചവർക്ക് ഒരുതരത്തിലുമുള്ള അനുരഞ്ജന ശ്രമത്തിനും ഞങ്ങൾ വഴങ്ങില്ലെന്ന് അറിയാം. വധശിക്ഷ തീയതി നിശ്ചയിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങൾ മുമ്പത്തേക്കാൾ ബുദ്ധിമുട്ടേറിയതാണ്. വധശിക്ഷ നടപ്പാക്കുന്നത് വരെ നടപടികൾ പിന്തുടരും’ -കുറിപ്പിൽ വ്യക്തമാക്കി.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് വധശിക്ഷ മാറ്റിയവിവരം അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി പ്രമുഖർ ചർച്ച നടത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതിനാൽ, കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം.
നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. 2017 ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു.
ഫോട്ടോ: കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ നിന്നുള്ളത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
