കോഴിക്കോട്: വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. ജില്ലകളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപ്പൊട്ടി. ഉരുൾപൊട്ടലുണ്ടായത് ജനവാസമേഖലയിലല്ല.
കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. കാസർകോട് ചെറുവത്തൂരിൽ കുളങ്ങാട് മലയിൽ മണ്ണിടിച്ചിൽ. മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ.
ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.





