റൺവേയിൽ നിന്ന് തെന്നി മാറി; വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

0
276

പട്ന: ഡൽഹിയിൽ നിന്നും പട്നയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. ഇൻഡിഗോയുടെ A320 എന്ന ചെറുവിമാനമാണ് ലാൻഡിംഗ് പൂർത്തിയാക്കാൻ കഴിയാതെ തിരികെ പറന്നുയർന്നത്.

ഇറങ്ങേണ്ട പരിധിയിൽ നിന്നും പരമാവധി ദൂരം പിന്നിട്ടാണ് വിമാനം ലാൻഡിങിന് ഒരുങ്ങിയത്. അപകടം ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വീണ്ടും പറന്നുയരാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് തവണ വിമാനത്താവളത്തിന് മുകളിൽ ചുറ്റിയതിന് ശേഷം വിമാനം ലാൻഡിങ്‌ പൂർത്തിയാക്കുകയായിരുന്നു. 174 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി.

മുമ്പ് കോഴിക്കോട് വിമാനത്താവളത്തിലും ബെംഗളൂരു വിമാനത്താവളത്തിലും സമാന രീതിയിൽ റൺവേ അപകടമുണ്ടായിട്ടുണ്ട്. സംഭവത്തിന് ശേഷം പട്ന വിമാനത്താവളത്തിലെ റൺവേയുടെ നീളം സംബന്ധിച്ച സംശയങ്ങൾ ഉയരുകയാണ്. 2074 മീറ്ററാണ് പട്നയിലെ റൺവെയുടെ ആകെ നീളം. ഇതിൽ 1950 മീറ്റർ മാത്രമാണ് വിമാനത്തിന്റെ ലാൻഡിങ്‌ പരിധിയിൽ വരുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (FAA ) നിർദേശമനുസരിച്ച്‌ 2300 മീറ്റർ നീളമാണ് റൺവേയ്ക്ക് ആവശ്യമായുള്ളത്.