സാമൂഹിക മാധ്യമങ്ങളിൽ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ചാൽ യുഎപിഎ ചുമത്താം- ഡൽഹി ഹൈക്കോടതി സുബ്രഹ്മണ്യൻ പ്രസാദും ഹരീഷ് വൈദ്യനാഥൻ ശങ്കറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2021ലാണ് അഹെൻഗർ പിടിയിലായത്. ലഷ്കർ, ടിആർഎഫ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുകയും ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രതി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സൃഷ്ടിച്ചുവെന്നും എൻഐഎ ആരോപിച്ചു. ഭീകര പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിച്ചതിന് യുഎപിഎ സെക്ഷൻ 17, ഭീകര പ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയതിന് യുഎപിഎ സെക്ഷൻ 18, ഭീകര പ്രവർത്തനത്തിന് റിക്രൂട്ട്മെന്റ് നടത്തിയതിന് സെക്ഷൻ 18ബി, സെക്ഷൻ 38 (ഭീകര സംഘടനയിൽ അംഗത്വം), സെക്ഷൻ 39 (ഭീകര സംഘടനയെ പിന്തുണയ്ക്കൽ) എന്നിവ പ്രകാരമാണ് അഹെൻഗറിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്തത്. ലഷ്കർ ഭീകരൻ മെഹ്‌റാൻ യാസീൻ ഷാലയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും തീവ്രമായ ഭീകരവാദ ആശയങ്ങൾ പ്രതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നതായും എൻഐഎ ചൂണ്ടിക്കാട്ടി.
വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട മെഹ്‌റാൻ യാസീൻ ഷാലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് യുഎപിഎ പ്രകാരം ഒരു ഭീകര പ്രവർത്തനമല്ലെന്നും അതിനാൽ സെക്ഷൻ 18 പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും പ്രതി ഹർജിയിൽ വാദിച്ചു. അതേസമയം, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള തീവ്രമായ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ അഹെൻഗറുടെ പങ്കാളിത്തം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന് വാദിച്ച എൻഐഎ ജാമ്യത്തെ എതിർത്തു.
ഭീകരപ്രവർത്തനം നടത്തുന്നതിനോ അതിന് തയാറെടുക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പ്രേരിപ്പിക്കുന്ന ഏതൊരു വ്യക്തിയും ഈ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുമെന്ന് സെക്ഷൻ 18 നിർദ്ദേശിക്കുന്നതായി നിരീക്ഷിച്ച ഹൈക്കോടതി അഹെൻഗറുടെ വാദം നിരസിച്ചു. തീവ്രമായ പ്രത്യയശാസ്ത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങളോ ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിക്കുന്നത് സെക്ഷന്റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടിആർഎഫിന്റെ തീവ്രമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, ഭീകരവാദ പ്രവർത്തനങ്ങളിൽ ചേരാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി സന്ദേശങ്ങൾ പങ്കിടുക, ഷാലയുടെ ചിത്രങ്ങളും വീഡിയോകളും ഭീകരവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നതിനായി ഉപയോഗിക്കുക, തുടങ്ങിയ കുറ്റങ്ങളിൽ എൻഐഎയുടെ പക്കൽ മതിയായ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിച്ചു. അറസ്റ്റ് ചെയ്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത തീയതിയിൽ ടിആർഎഫിനെ യുഎപിഎ പ്രകാരം ഒരു ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, യുഎപിഎ പ്രകാരമുള്ള കേസ് തനിക്കെതിരെ ചുമത്തിയിട്ടില്ലെന്ന അഹെൻഗറിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
….
