ഭീകരവാദം, വിഘടനവാദം, തീവ്രവാദം; ഈ മൂന്ന് തിന്മകൾക്കും പകരം ഞങ്ങൾ അത് ചെയ്തു, ഇനിയും ചെയ്യും- ജയശങ്കർ

0
120

ടിയാൻജിൻ(ചൈന): ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ ശക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചതെന്നും ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

‘ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണം ഈ ശക്തികൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഉദാഹരണമാണ്. പലപ്പോഴും അവ ഒരുമിച്ചാണ് സംഭവിക്കുന്നത്. ജമ്മു കശ്മീരിലെ ടൂറിസം തകർക്കാനും മതപരമായ ഭിന്നത വിതയ്ക്കാനും വേണ്ടി ബോധപൂർവം നടത്തിയതാണിത്.’ ജയശങ്കർ പറഞ്ഞു.

‘യുഎൻ സുരക്ഷാ സമിതി ഇതിനെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞു. ഞങ്ങൾ അത് തന്നെയാണ് ചെയ്തത്. ഇനിയും അങ്ങനെത്തന്നെ ചെയ്യും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം എസ്സിഒ അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇതിൽ പരാജയപ്പെടുന്നത് സംഘടനയുടെ സ്ഥാപക ദൗത്യത്തെ വഞ്ചിക്കലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ, പരമ്പരാഗത വൈദ്യം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സംരംഭങ്ങൾ ഉദ്ധരിച്ചുകൊണ്ട്, എസ്‌സിഒയുമായുള്ള ഇന്ത്യയുടെ ക്രിയാത്മകമായ ഇടപെടലുകളും ജയശങ്കർ എടുത്തുപറഞ്ഞു.