കോഴിക്കോട്: യെമനില്‍ മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെയ്ക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക, സംഘടന നേതാക്കളും. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
”നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാം”, വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിയ ഇടപെടലില്‍ ഏറെ സന്തോഷമുണ്ടെന്നും മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് കാന്തപുരം സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തനം ഇഷ്ടപ്പെടാത്ത ചില വര്‍ഗീയ ശക്തികള്‍ ഉണ്ട്. അവരെ പരാജയപ്പെടുത്തണം. നിലപാടുകള്‍ വ്യത്യസ്തമാണ്. പക്ഷേ, ആത്യന്തികമായി നമ്മള്‍ മനുഷ്യരാണ്. സമസ്തയുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത ചില വര്‍ഗീയ സംഘടനകള്‍ കേരളത്തിലുണ്ട്. ഈ വര്‍ഗീയ ശക്തികള്‍ മതപരമായ ഭിന്നതകള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ സമുദായത്തിലും ഇതര സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം ഉണ്ടാക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നു. ന്യൂനപക്ഷ സമുദായത്തിനുള്ളിലും ചിലര്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു . അതിനെതിരെ യുവജനങ്ങള്‍ ഉണരണം. കാന്തപുരം എ.പി. മുസ്ലിയാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. മതപരമായ കാര്യങ്ങളില്‍ മാത്രമല്ല, സാമൂഹ്യ ഐക്യത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മര്‍കസില്‍ വെച്ച് നടന്ന ചടങ്ങിനിടെ സജി ചെറിയാന്‍ പറഞ്ഞു.
ഇത് ആശ്വാസമുള്ള നിമിഷമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. ഈനിലയില്‍ പുരോഗതി ഉണ്ടാക്കിയത് ഏതൊരു മലയാളിക്കും ഏതൊരു ഇന്ത്യക്കാരനും സന്തോഷംപകരുന്ന കാര്യമാണ്. ഔദ്യോഗികമായുള്ള സംവിധാനങ്ങള്‍ക്ക് അപ്പുറത്തുള്ള സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നേരത്തേ പറഞ്ഞിരുന്നു. കാന്തപുരം മുസ്ലിയാര്‍ രംഗത്തുവന്നത് പോലെ മറ്റുപലര്‍ക്കും ചെയ്യാനാകുമെങ്കില്‍ അവരെയും അണിനിരത്തണം. ഹൂതികളില്‍ സ്വാധീനമുള്ള രാജ്യം ഇറാനാണ്. ഇറാനുമായി നമുക്ക് സൗഹൃദമുണ്ട്. ആ സര്‍ക്കാരിന്റെ സേവനം ഉപയോഗിക്കാനുള്ള സംവിധാനം വേണം. അബുദാബി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖലീഫ ഫൗണ്ടേഷന്റെ സേവനവും ഉപയോഗിക്കുന്നത് ആരായണമെന്ന് വിദേശകാര്യവകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്നും ജോണ്‍ബ്രിട്ടാസ് എംപി പ്രതികരിച്ചു. കാന്തപുരത്തിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞു. കൂടാതെ, വിവിധ സാമൂഹിക സംഘടന നേതാക്കളും ഈ ഉദ്യമത്തിന് കാന്തപുരത്തിനു നന്ദി പറയുകയും ആശംസ അറിയിക്കുകയും ചെയ്തു.
‘പ്രാർത്ഥനകൾ ഫലം കാണുന്നു’; നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് പുറത്തുവിട്ട് കാന്തപുരം
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിധിപ്പകർപ്പ് അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രാർഥനകൾ ഫലം കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.





