നിമിഷപ്രിയയുടെ മോചനം; മർകസിൽ അടിയന്തര യോഗം, യമനിലേക്ക് പ്രതിനിധിയെ അയക്കാന്‍ നീക്കം; നിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം

0
321
  • യമനിലേക്ക് പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോഴിക്കോട്: വധശിക്ഷ കാത്ത് യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായിനിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ. യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് നീക്കം. മര്‍ക്കസില്‍ അടിയന്തര കൂടിയാലോചനകള്‍ നടക്കുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യമനിലേക്ക് പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. ആശവഹമായ പുരോഗതിയാണ് ചര്‍ച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ തുടരുകയാണ്.

വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാന്യം നല്‍കുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാന്‍ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷന്‍കൗണ്‍സില്‍ പങ്കുവെയ്ക്കുന്നത്.

ഉത്തരയമനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിന്റെ കൊലപാതകം. ഈയൊരു സാഹചര്യത്തില്‍ തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാല്‍ കാന്തപുരത്തിന്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളില്‍ നിര്‍ണ്ണായകമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് പോലും ഇടപെടാന്‍ പരിമിതിയുണ്ടായിരുന്ന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന അനൗദ്യോ?ഗിക ചര്‍ച്ചകള്‍ അതിനാല്‍ തന്നെ നിര്‍ണ്ണായകമാണ്.

ദയാധനം സംബന്ധിച്ച് വിവരങ്ങള്‍ പക്ഷെ വ്യക്തമല്ലെന്നാണ് വിവരം. യമനില്‍ വലിയ സ്വാധീനമുള്ള കുടുംബമാണ് ഷൈഖ് ഹബീബ് ഉമറിന്റേത്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന് തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ വധശിക്ഷ തല്‍ക്കാലം മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.