നിമിഷപ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടല്‍ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

0
216

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക.

ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ ഭരണക്കൂടം നിശ്ചയിച്ചിരിക്കുന്നത്. വധശിക്ഷ മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് നല്‍കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണനയിൽ വരുക.

നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു.