‘ഷവര്‍മ വായില്‍ കുത്തിക്കയറ്റി, ക്രൂരമായ ലൈംഗിക വൈകൃതം’; നിതീഷിന്‍റെ ക്രൂരത

0
319

ഷാർജയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്ത് വരുന്നത് കൊടിയ പീഡനത്തിന്റെ കഥകൾ. കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുള്ള മകൾ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.

ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ ബന്ധുകൾ രംഗത്തെത്തി. വിപഞ്ചികയ്ക്കും മകൾ വൈഭവിക്കും നീതി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്നു വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. ബുധൻ രാവിലെ വീട്ടുജോലിക്കാരി ഫ്ലാറ്റിൽ എത്തി വിളിച്ചപ്പോൾ കതക് തുറന്നില്ല. തുടർന്ന് മാറി താമസിച്ചിരുന്ന ഭർത്താവ് നിതീഷിനെ അറിയിക്കുകയും നിതീഷെത്തി കതക് പൊളിച്ചു അകത്തു കടന്നപ്പോഴാണു മരണ വിവരം അറിയുന്നത്. ഷാർജയിലുള്ള വിപഞ്ചികയുടെ സഹോദൻ വിനോദിന്റെ ഭാര്യയുടെ ബന്ധുവാണു വിവരം നാട്ടിൽ അറിയിച്ചത്.

തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാർ നൽകിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു.

കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചത്. എന്നാൽ വിവാഹ മോചനത്തിന് നോട്ടിസ് അയച്ചതോടെയാണ് വിപഞ്ചിക ഈ കടുംകൈ ചെയ്തത്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിച്ചാൽ മാത്രമേ മകളുടെയും ചെറുമകളുടെയും ആത്മാവിന് ശാന്തി ലഭിക്കൂവെന്നും ഷൈലജ പറഞ്ഞു.