ഇസ്റാഈലിനെ ഭീതി പടർത്തിയ ഇറാൻറെ വജ്രായുധം ശരിക്കും എന്തായിരുന്നു ? (യുറേനിയം സമ്പുഷ്‌ടീകരണത്തിന്റെ ശാസ്ത്രം)

0
188

✍️ PK മുസ്തഫ മാനന്തേരി

ഇസ്റാഈലിനെ ഭീതി പടർത്തിയ ഇറാൻറെ വജ്രായുധം ശരിക്കും എന്തായിരുന്നു ? (യുറേനിയം സമ്പുഷ്‌ടീകരണത്തിന്റെ ശാസ്ത്രം)

ആണവ ആയുധം നിർമ്മിക്കാൻ ആവശ്യമായ സമ്പുഷ്ടമായ യുറേനിയം ഉണ്ടാക്കുക എന്ന പ്രധാന മൈൽസ്റ്റോണിലേക്ക്, ഏറെ വേഗത്തിൽ തന്നെ ഇറാൻ എത്തിച്ചേരും എന്ന ഭീതി പടർത്തിയാണ്, അറബ് രാജ്യങ്ങളുടെ കാർമികത്വത്തിൽ / ആതിഥേയത്വത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി നടത്തിക്കൊണ്ടിരിക്കുന്ന സമാധാന, ന്യൂക്ലിയർ ചർച്ചകളെ പോലും തൃണവത്കരിച്ചുകൊണ്ട്, ഇസ്രായേൽ, ഇറാന് മേൽ ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചത്.

രണ്ടാഴ്ചയോളം നീണ്ട യുദ്ധത്തിനുശേഷം സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിക്കൊണ്ട് പ്രതീക്ഷനിർഭരമായ ഒരു വെടിനിർത്തലിലേക്ക് വന്നു എന്നത് പശ്ചിമേഷ്യയിലും പൊതുവേ ലോകത്തിൽ മുഴുവനും ആശ്വാസം നൽകുന്നു.

തല്ക്കാലം ഗ്ലോബൽ പൊളിറ്റിക്കൽ മാനങ്ങൾ മാറ്റിവെച്ചുകൊണ്ട്, അതിന്റെ ശാസ്ത്രീയ വശങ്ങൾ ഒന്ന് വിശകലനം ചെയ്യാം.

എന്താണ് ന്യൂക്ലിയർ ഫ്യൂഷൻ: സൂര്യന്റെ രഹസ്യം? 

ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടാക്കുന്നത് ന്യൂക്ലിയർ ഫിഷൻ, ന്യൂക്ലിയർ ഫ്യൂഷൻ എന്നീ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചെറിയ രണ്ട് ആറ്റങ്ങൾ ഉദാഹരണത്തിന് രണ്ട് ഹൈഡ്രജൻ ആറ്റം, കൂടിച്ചേർന്ന് താരതമ്യേന വലിയ ഒരു ആറ്റം ഉദാഹരണത്തിന് ഹീലിയം ആറ്റം ഉണ്ടാകുന്നതിനെ ന്യൂക്ലിയർ ഫ്യൂഷൻ എന്ന് പറയുന്നു.

Hydrogen-2 + Hydrogen-3 → Helium-4 + 1 neutron + Energy. അപ്പോൾ ചെറിയ അളവിൽ ദ്രവ്യം (പദാർത്ഥം) ഊർജ്ജമായി മാറുന്നു.

(E = mc²) എന്ന ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ സൂത്രവാക്യം ഓർമ്മയുണ്ടോ?  ഈ ഫോർമുല പ്രകാരം ദ്രവ്യം (അഥവാ പദാർത്ഥത്തിന്റെ മാസ്സ്) ഊർജ്ജമായി മാറുമ്പോൾ ഉണ്ടാകുന്ന ഊർജ്ജത്തിൻറെ അളവ് ഭീമമായിരിക്കും…

ഭൂമിയുടെ പ്രാഥമിക ഊർജ്ജത്തിന്റെ ഉറവിടമായ സൂര്യൻ അടക്കമുള്ള നക്ഷത്രങ്ങളിൽ ഇത്തരം ന്യൂക്ലിയർ ഫ്യൂഷൻ മൂലമാണ് ഊർജ്ജം ഉണ്ടാകുന്നത്. ന്യൂക്ലിയർ ഫ്യൂഷൻ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ബോംബുകളെയാണ് ഹൈഡ്രജൻ ബോംബുകൾ എന്ന് വിളിക്കുന്നത്.എന്നാൽ ഇത് വളരെ സങ്കീർണവും, പ്രായോഗികതലത്തിൽ ഉണ്ടാക്കിയെടുക്കാൻ വളരെയധികം ക്ലേശകരവുമാണ്.

ന്യൂക്ലിയർ ഫിഷൻ: ആണു-ബോംബ്മായി എന്താണ് ബന്ധം?   

വലിയ ആറ്റങ്ങളെ വിഘടിപ്പിച്ചുകൊണ്ട് ചെറിയ ആറ്റങ്ങൾ ആക്കി മാറ്റുമ്പോഴും ഇതേപോലെ ദ്രവ്യം ഊർജമായി മാറുന്നു. ഉദാഹരണത്തിന് താരതമ്യേന വലിയ യുറേനിയം ആറ്റം വിഘടിച്ചുകൊണ്ട് രണ്ട് ചെറിയ ആറ്റങ്ങൾ ഉണ്ടാകുന്നു. U-235 + 1 neutron → Ba-141 + Kr-92 + 3 neutrons + energy

ഇവിടെയും ഉണ്ടാകുന്ന ഊർജ്ജത്തിൻറെ അളവ് ഭീമമായിരിക്കും. ഈ ഫിഷൻ പ്രക്രിയ നിയന്ത്രിതമായ അളവിൽ ക്രമീകരിച്ചു നിർത്തിയാൽ , നമുക്ക് ന്യൂക്ലിയർ റിയാക്ടര് പ്രവർത്തിപ്പിച്ചു , വൈദ്യുതി ഉണ്ടാക്കി , ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കു ഉപയോഗിക്കാം.

മറിച്ചു ചെയിൻ റിയാക്ഷൻ കാരണം ഈ പ്രക്രിയ (ഫിഷൻ റിയാക്ഷൻ) അനിയന്ത്രിതമായി നടന്നാൽ, അതിഭീമമായ ഊർജ്ജം (താപോർജ്ജം) സെക്കന്റിന്റെ ഫ്രാക്ഷനുകൾക്കിടയിൽ ബഹിർഗമിക്കുകയും, അത് ഭയങ്കരമായ വിസ്ഫോടനത്തിൽ കലാശിക്കുകയും ചെയ്യും.

ഇത്തരം ന്യൂക്ലിയർ ഫിഷൻ അടിസ്ഥാനമാക്കി നിർമിക്കുന്ന ബോംബുകളെയാണ് ഫിഷൻ ബോംബുകൾ എന്ന് അറിയപ്പെടുന്നത്. ഇതിനു പ്രധാനമായും ഇന്ധനമായി ഉപയോഗിക്കുന്ന മൂലകമാണ് യുറേനിയം. ഭൂമിക്കടിയിൽ നിന്ന് മറ്റ് ധാതുക്കൾ കുഴിച്ചെടുക്കുന്നതുപോലെ ഖനനം ചെയ്തു എടുക്കാവുന്ന മൂലകമാണ് യുറേനിയം.

എന്നിട്ടും എന്തിനാണ് ലോകത്തിലെ വൻശക്തി രാഷ്ട്രങ്ങൾ ന്യൂക്ലിയർ ബോംബുകൾ ഉണ്ടാക്കാവുന്ന യുറേനിയം അവരുടെ മാത്രം കുത്തകകളായി വെച്ചിരിക്കുകയും മറ്റ് ഏതൊരു രാഷ്ട്രവും അത് ഉണ്ടാക്കുമെന്ന് സംശയത്തിന്റെ അഥവാ ആരോപണത്തിന്റെ മേലെ പോലും അക്രമങ്ങൾ, യുദ്ധം ചെയ്യാൻ പുറപ്പെടുകയും ചെയ്യുന്നത്?

ഐസോടോപ്പുകൾ: യുറേനിയത്തിന്റെ ഇരട്ട സ്വഭാവം? 

യുറേനിയടത്തിന്റെ പ്രധാന രണ്ട് ഐസോടോപ്പുകൾ ആണ് U235, & U 238.

എല്ലാ ആറ്റത്തിനകത്തും ചാർജ്ഡ് കണികകളായ കുറെ പ്രോട്ടോണുകളും ഏതാണ്ട് അത്രതന്നെ ഇലക്ട്രോണുകളും, പിന്നെ ചാർജ് ഇല്ലാത്ത ന്യൂട്രോണുകളും ഉണ്ടാകും എന്നത്, പഠിച്ചത് ഓർമ്മയുണ്ടോ?

നമുക്കറിയാം ഒരു മൂലകത്തിന്റെ സ്വഭാവം അതുപോലെ അതിൻറെ സകല സവിശേഷതകളും നിശ്ചയിക്കുന്നത്, ആ മൂലകത്തിന്റെ ആറ്റത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ അഥവാ ഇലക്ട്രോണുകളുടെ എണ്ണമാണ്..

ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് പ്രാഥമികമായി മൂലകങ്ങളെ തരംതിരിക്കുന്നത്…

ഉദാഹരണത്തിന് ഒരു പ്രോട്ടോൺ ഉള്ള മൂലകത്തിന് ഹൈഡ്രജൻ (H) എന്നും, 8 എണ്ണം ആവുമ്പോൾ ജീവവായു ആയ ഓക്സിജൻ (O) എന്നും 26 എണ്ണം ഉള്ളതിനെ അയേൺ/ ഇരുമ്പ് (Fe) എന്നും 79 ഉള്ളതിന് സ്വർണ്ണം (Au) എന്നും, 92 പ്രോട്ടോൺ ഉള്ളതിന് യുറേനിയം (U) എന്നും വിളിക്കുന്നു….

എന്നാൽ ആറ്റത്തിനകത്ത് ഇവയെ കൂടാതെ ചാർജില്ലാത്ത ന്യൂട്രോൺ എന്ന അടിസ്ഥാന കണികകളും ഉണ്ട്. ഐസോടോപ്പുകൾ എന്നാൽ, ആറ്റത്തിന്റെ അകത്തെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും അളവുകൾ തുല്യമായിരിക്കുകയും എന്നാൽ ന്യൂട്രോണിന്റെ അളവിൽ ഏതാനും ചില മാറ്റങ്ങൾ ഉണ്ടാവുന്ന അവസ്ഥയാണ്.

യുറേനിയത്തിന്റെ രണ്ട് ഐസോടോപ്പുകൾ ആയ U235, & U 238, ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും എണ്ണം തുല്യമായിരിക്കുകയും എന്നാൽ മൂന്ന് ന്യൂട്രോണുകളുടെ മാത്രം വ്യത്യാസമുണ്ടാവുകയും ചെയ്യും…

അതായത് യുറേനിയം 235- ഇൽ – (U 235) 92 പ്രോട്ടോണുകളും 143 ന്യൂട്രോണുകൾ (92+143=235) ഉണ്ടാകും. എന്നാൽ യുറേനിയം 238- ഇൽ – (U 238) 92 പ്രോട്ടോണുകളും 146 ന്യൂട്രോണുകൾ (92+146=238) ആണ് ഉണ്ടാവുക..

യുറേനിയം 238 ന്യൂക്ലിയർ ഫിഷന് ഉപയോഗിക്കാനാവില്ല. U235 ആണ് ന്യൂക്ലിയർ ഫിഷന് ഉപയോഗിക്കാവുന്ന ഐസോടോപ്പ്. എന്നാൽ ഭൂമിക്കടയിൽ നിന്ന് കുഴിച്ചെടുക്കുന്ന യുറേനിയത്തിൽ 99.3% വും. U238 ആയിരിക്കും. അതുകൊണ്ടു തന്നെ ഇത് ഫിഷൻ റിയാക്ഷന് വേണ്ടി നേരിട്ട് ഉപയോഗിക്കാൻ സാധ്യമല്ല.

യുറേനിയം സമ്പുഷ്ടീകരണം: സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങൾ

ഭൂമിക്കടിയിൽ നിന്ന് ഖനനം ചെയ്തു എടുക്കുന്ന യൂറേനിയത്തിൽ നിന്നും ന്യൂക്ലിയർ ഫിഷന് ഉപയോഗിക്കാവുന്ന ഏതാണ്ട് 0.7% വരുന്ന യുറേനിയം – U235 വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് യുറേനിയം സമ്പുഷ്ടീകരണം.

യുറേനിയത്തിന്റെ രണ്ട് ഐസോടോപ്പിന്റെയും മിക്കവാറും എല്ലാ  രാസഗുണങ്ങളും ഒരുപോലെ ആയിരിക്കുന്നതുകൊണ്ട്, കെമിക്കൽ റിയാക്ഷനിലൂടെ ഇവയെ വേർതിരിക്കുക ഏതാണ്ട് അസാധ്യമാണ്….

എന്നാൽ ഇവയ്ക്ക് രണ്ടും തമ്മിൽ വളരെ ചെറിയ ഭാര വ്യത്യാസം ഉണ്ട്. ഇത് അടിസ്ഥാനമാക്കി ഇതിനെ ഭൗതികമായി വേർതിരിക്കാം.

ഒരു ഉദാഹരണം നോക്കാം… ക്രീം ഉള്ള പാൽ (അല്ലെങ്കിൽ അതുപോലത്തെ എന്തെങ്കിലുമൊരു ദ്രാവകം) നമ്മൾ ഒരു പാത്രത്തിൽ ഇട്ടു കറക്കി നോക്കിയാൽ… അതിന്റെ ക്രീം, ഭാരം കൂടിയ ഭാഗം വെളിയിലേക്കായി പോകുന്നതു ശ്രദ്ധിച്ചിട്ടില്ലേ? അപ്പോൾ അതിലെ സ്കിം പാൽ — ഭാരം കുറഞ്ഞ ഇളം ഭാഗം പാത്രത്തിന്റെ നടു ഭാഗത്തേക്ക് വരുന്നത് കണ്ടീട്ടില്ലേ ?

അതായത് അങ്ങനെ കറക്കുന്നതിലൂടെ ഭാരം ഉള്ളതും ഭാരമില്ലാത്തതും ആയ വസ്തുക്കളെ നമുക്ക് വേർതിരിക്കാൻ പറ്റും… ലളിതമായ ഉദാഹരണം നമ്മൾക്ക് മനസ്സിലാക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ്..

എന്നാൽ യൂറേനിയത്തിന്റെ കാര്യത്തിൽ ഈ ഭാര വ്യത്യാസം അതി സൂക്ഷ്മമാണ് അതുകൊണ്ടുതന്നെ അതിസങ്കീർണവും ശ്രമകരവും സമയമെടുക്കുന്നതുമായ സെൻട്രിഫ്യൂജിങ് എന്ന പ്രക്രിയയിലൂടെയാണ് ആണ് പ്രധാനമായും ഇന്ന് ഇതിനെ വേർതിരിച്ചെടുക്കുന്നത്.

സെൻട്രിഫ്യൂജിങ്

യുറേനിയം ഖനനം ചെയ്ത ശേഷം, അതിനെ Uranium Hexafluoride (UF₆) എന്ന വാതക രൂപത്തിലാക്കി, അതിവേഗ സെൻട്രിഫ്യൂഗുകളിൽ വച്ച്കറക്കി U-235 യുടെ അളവ് ക്രമാനുസൃതമായി വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് സമ്പുഷ്‌ടീകരണം.

ഓരോ തവണ കറങ്ങുമ്പോഴും ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിക്കാവുന്ന യുറേനിയം 235 എന്ന ഐസോടോപ്പിന്റെ കോൺസെൻട്രേഷൻ വളരെ ചെറിയതോതിൽ ഘട്ടം ഘട്ടമായി കൂട്ടിക്കൊണ്ട് വരാൻ സാധിക്കും.

നമ്മുടെ കയ്യിൽ ഉള്ളത് 0.7 ശതമാനം സമ്പുഷ്ട യുറേനിയം (U 235) ആണെങ്കിൽ. വിവിധ ഘട്ടങ്ങളിലെ സെൻട്രഫ്യൂഗിങ് പ്രക്രിയയിലൂടെ അത് 1%, 2%, , 3% , അങ്ങനെ വളരെ സാവധാനം, ഘട്ടം ഘട്ടമായി സമ്പുഷ്ട യുറേനിയത്തിന്റെ (U 235) കോൺസ്ട്രഷൻ ഉയർത്തിക്കൊണ്ടു വരുന്നു.

ഏതാണ്ട് 5% സമ്പുഷ്ടീകരിച്ച യുറേനിയം ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ ഊർജ്ജ ഉല്പാദനത്തിനായി ഉപയോഗിക്കാവുന്നതാണ്.  അതുപോലെ ഏതാണ്ട് 20% സമ്പുഷ്ടീകരിച്ച യുറേനിയം മെഡിക്കൽ/ ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാവുന്നതാണ്.

ആയുധങ്ങൾ-ന്യൂക്ലിയർ ബോംബ് ഉണ്ടാക്കുന്നതിനുവേണ്ടി അതിൻറെ സമ്പുഷ്ടീകരണം 90% ത്തിനും മുകളിൽ ആവേണ്ടതുണ്ട്. അതായത് ന്യൂക്ലിയർ ഫിഷന് അനിവാര്യമായ, റാപ്പിഡ് ചെയിൻ റിയാക്ഷൻ, സാധ്യമാക്കുന്നതിന് അഥവാ അതിലൂടെ ന്യൂക്ലിയർ എക്സ്പ്ലോഷൻ , (ബോംബ്) ഉണ്ടാവാൻ ചുരുങ്ങിയത് 90% എങ്കിലും സമ്പുഷ്ടീകരിച്ച യുറേനിയം-235 ആവശ്യമാണ് എന്ന് സാരം. സെൻട്രിഫ്യൂഗിങ് പ്രക്രിയ സങ്കീർണവും ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരു സാങ്കേതികവിദ്യയാണ്.

ഉദാഹരണത്തിന് താഴ്ഭാഗം ഒരു സൂചിയുടെ അറ്റത്ത് സപ്പോർട്ട് ചെയ്ത ഒരു സിലിണ്ടർ സങ്കൽപ്പിക്കുക. അതിന്റെ മേൽഭാഗം ഒരു കാന്തത്തിന്റെ സപ്പോർട്ടിൽ സസ്പെൻഡ് ചെയ്ത്, സെക്കൻഡിൽ ലക്ഷത്തിലേറെ തവണ കറങ്ങുമ്പോഴാണ് യുറേനിയം ഹെക്സാഫ്ലുവോറൈഡ് വാതകം, അതിലൂടെ അതിനകത്തേക്ക് കടത്തേണ്ടതും അതിൽ നിന്ന് പുറത്തേക്ക് എടുക്കേണ്ടതും. പറയാൻ എളുപ്പമാണെങ്കിലും ഇതിന് പ്രായോഗിക തലത്തിൽ വലിയ വെല്ലുവിളികൾ സാങ്കേതികമായി നേരിടേണ്ടതുണ്ട്.

ഗ്ലോബൽ ന്യൂക്ലിയർ പൊളിറ്റിക്സ്

വളരെ കുറച്ചു രാജ്യങ്ങൾക്ക് മാത്രമേ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കാൻ പറ്റിയിട്ടുള്ളു. പക്ഷെ പല വൻ രാഷ്ട്രങ്ങളും ഇത്തരം സാങ്കേതികവിദ്യ കയ്യിൽ വെച്ച് വലിയ അണുബോംബുകളുടെ ശേഖരം ഉണ്ടാക്കുകയും, അതിൻറെ കുത്തകവകാശം കയ്യിൽ വച്ചുകൊണ്ടു തന്നെ മറ്റ് രാജ്യങ്ങൾ ഇത്തരം സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിൽ നിന്ന് അവരെ തടയുന്നതിനുള്ള രാഷ്ട്രീയവും നയതന്ത്രവും സൈനികവുമായ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും, നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിലെ നൈതികത അന്താരാഷ്ട്ര വേദികളിൽ പോലും ചോദ്യം ചെയ്യാതെ പോകുന്നു?

ഹിരോഷിമയിലും നാഗസാക്കിയിലും 1945 ഓഗസ്റ്റ് 6നും 9നും മിനിറ്റുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് മനുഷ്യരെ ഒപ്പം മൃഗങ്ങളെയും ചുട്ടു ചാമ്പലാക്കി അമേരിക്കയുടെ അണുബോംബ്. പിന്നീട് പതിറ്റാണ്ടുകളോളം ഒരു ജനതയെ മുഴുവൻ അണുവികരണങ്ങൾ ക്രൂരമായി തലമുറകളോളം വേട്ടയാടുകയും ചെയ്തു. ഈ ദുരനുഭവം നമ്മുടെ മുൻപിൽ ഒരു പാഠമായി നിൽക്കുന്നുണ്ട്.

അപ്പോൾ വൻശക്തി രാഷ്ട്രങ്ങൾ തങ്ങളുടെ കയ്യിലുള്ള അണുബോംബ് ശേഖരം, weapon ഗ്രേഡ് യുറേനിയം, അതിൻറെ സാങ്കേതികവിദ്യ എല്ലാം നശിപ്പിച്ച മാതൃക കാണിച്ചതിന് ശേഷമല്ലേ മറ്റുള്ളവരോട്, അത്തരം ആഖ്യാനങ്ങൾ നടത്താനുള്ള ധാർമികമായ അവകാശമുള്ളൂ എന്നതാണ് ലളിതമായ സംശയം?

ന്യൂക്ലിയർ ഡിറ്ററൻസിനെ പറ്റി സംസാരിക്കുന്ന ഈ സത്യാനന്തരകാലത്ത് അതി മാരകമായ നശീകരണ ആയുധങ്ങൾ ബോംബുകൾ കൊണ്ട് സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും അടക്കം കോടിക്കണക്കിന് നിരാലംബരായ കോടിക്കണക്കിന് മനുഷ്യരെ യുദ്ധ കൊതിയന്മാരായ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികൾ മധ്യേഷക്കകത്തും പുറത്തും പതിറ്റാണ്ടുകളായി ക്രൂരമായി കൊല ചെയ്തിട്ടുണ്ട്. ഈ പൈശാചികത ഇന്നും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. ആണവായുധങ്ങൾ മാത്രമല്ല, യാതൊരു നശീകരണ ആയുധങ്ങളും ഏറ്റുവാങ്ങി , നിരപരാധികളായ മനുഷ്യരുടെ ജീവൻ ഇനിയും അപകടത്തിൽ ആവാതിരിക്കട്ടെ.

അണുബോംബ് രാഷ്ട്രീയത്തിന് മാനുഷികവും, നൈതികവുമായ, മാനങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം ശാസ്ത്രീയ പ്രതലങ്ങൾ കൂടി മനസ്സിലാക്കി വയ്ക്കുന്നത് അനുഗുണമാണ് എന്ന് പ്രതീക്ഷിക്കുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്.

(PK മുസ്തഫ മാനന്തേരി റിയാദ്; സിജി റിയാദ് ചീഫ് കോർഡിനേറ്ററും, സഊദിയിലെ ഒരു പ്രമുഖ ഡിഫെൻസ് & ഏറോസ്പേസ് കമ്പനിയിൽ ആർ & ഡി ഡിവിഷനിൽ ലീഡ് എഞ്ചിനീയറും ആണ് ലേഖകൻ)