എരിഞ്ഞ് തീർന്നത് സ്വപ്നങ്ങൾ, ശ്രീഹരിയുടെ ജീവൻ പൊലിഞ്ഞത് പൈലറ്റ് ലൈസൻസിനുള്ള പരിശീലനത്തിനിടെ

0
219

കൊച്ചി : ആകാശത്ത് തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി ശ്രീഹരി സുകേഷ് എന്ന ഇരുപത്തിമൂന്നുകാരൻ വിടപറയുമ്പോൾ ഇല്ലാതാകുന്നത്‌ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ്. കാനഡയിലെ മാനിട്ടോബയില്‍ വിമാനപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല കുടുംബത്തിന്.

സെൻട്രൽ ബാങ്ക് ഉദ്യോ​ഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ​ഗ്ലോബൽ ഉദ്യോ​ഗസ്ഥ ദീപയുടെയും ഏകമകനാണ് ശ്രീഹരി. സഹോദരി സംയുക്ത പ്ലസ് ടു വിദ്യാർഥിനിയാണ്. തിരുവനന്തപുരം സ്വദേശികളായ സുകേഷും ദീപയും തൃപ്പുണ്ണിത്തുറയിലെ ഫ്ലാറ്റിൽ താമസമാക്കിയിട്ട് പത്ത് വർഷത്തിലേറെയായി.

ചൊവ്വാഴ്ച്ചയാണ് പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ശ്രീഹരിയും കാനഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സും കൊല്ലപ്പെടുന്നത്. സ്വകാര്യ പൈലറ്റ് ലൈസൻസുള്ള ശ്രീഹരി മാനിട്ടോബയില്‍ ഫ്‌ളൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനം പരസ്പരം മുഖാമുഖം വരികയായിരുന്നു. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം 2 പൈലറ്റുമാർക്കും എതിർദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.