പ്രസവവേദനയിൽ അമ്മയാന, തീവണ്ടി നിർത്തികൊടുത്ത് അധികൃതർ; റെയിവേ ട്രാക്കിൽ സുഖപ്രസവം

രാം​ഗഢ് (ജാര്‍ഖണ്ഡ്): റെയിൽവേ ട്രാക്കിൽ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാര്‍ഖണ്ഡിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉൾക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.

ബർകാകാന, ഹസാരിബാ​ഗ് സ്റ്റേഷനുകൾക്കിടയിൽ സർവാഹ ​ഗ്രാമത്തിന് സമീപം ജൂൺ 25-ന് പുലർച്ചെ മൂന്നുമണിക്കാണ് ഒരു ​ഗർഭിണിയായ കാട്ടാനയുടെ സാന്നിധ്യം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. ആ വഴി കടന്നുപോകുന്ന തീവണ്ടികൾ പ്രസവവേദന അനുഭവിക്കുന്ന അമ്മയാനയെ ഇടിക്കാൻ സാധ്യതയുണ്ടെന്ന് രാം​ഗഢിലെ ഡിഎഫ്ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍) നിതീഷ് കുമാറിനെ ഫോറസ്റ്റ് ​ഗാർഡ് അറിയിച്ചു.

നിതീഷ് ഉടന്‍ തന്നെ ബര്‍കാകാനയിലുള്ള റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ആ വഴിയുള്ള ട്രെയിന്‍ ഗതാഗാതം അമ്മയാനയുടെ പ്രസവം കഴിയുന്നതുവരെ നിര്‍ത്തിവെയ്ക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

പിന്നീട് ആ വഴി കടന്നുപോയ ചരക്കുതീവണ്ടി ആനയുള്ള സ്ഥലത്തെത്തുന്നതിന് മുൻപ് പിടിച്ചിട്ടു. അമ്മയാന റെയില്‍വേ ട്രാക്കില്‍ കുട്ടിയാനയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ പ്രദേശവാസികളും സംഭവസ്ഥലത്തെത്തി. പ്രസവത്തിനുശേഷം അമ്മയാനയെയും കുട്ടിയാനയെയും കാട്ടാനക്കൂട്ടത്തിന്റെ അരികിലെത്തിക്കാനും അധികൃതര്‍ക്ക് സാധിച്ചു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വെെറലാണ്.