ലോകത്തിലെ ഏറ്റവും പ്രശസ്തമായ റേസിങ് ട്രാക്കുകളിൽ ഒന്നാണ് ജർമനിയിലെ നർബർഗ്രിങ്. എഫ്1, ടൂറിങ് കാർ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ ഒട്ടേറെ മോട്ടോർസ്പോർട്സ് ഫോർമാറ്റുകൾ ഇവിടെ നടക്കാറുണ്ട്. കൂടാതെ, കാർ നിർമാതാക്കൾക്ക് സ്പീഡ് റെക്കോർഡുകൾ പരിശോധിക്കാനും ഈ ട്രാക്ക് ഉപയോഗിക്കുന്നു.
എന്നാലിപ്പോൾ വലിയൊരു അപകടത്തിനാണ് ഈ റേസ് ട്രാക്ക് സാക്ഷ്യംവഹിച്ചിരിക്കുന്നത്. പോർഷെ GT3 RS, ബിഎംഡബ്ല്യു M2 സൂപ്പർ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റൻഫാർട്ടൻ എന്ന റൈഡിങ് സെഷനിടെയാണ് അപകടം. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ട്രാക്കിലെ വളവ് തിരിഞ്ഞു വരികയായിരുന്നു ഇരുവാഹനങ്ങളും. അതിനിടെ പിന്നിലുണ്ടായിരുന്ന ബിഎംഡബ്ല്യു M2-വിന് നിയന്ത്രണം നഷ്ടമായി GT3 RS-മായി കൂട്ടിയിടിച്ചശേഷം ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും തകരുകയും പോർഷെ കത്തിയമരുകയുമായിരുന്നു. അഗ്നിഗോളമായി മാറിയതിനാൽ GT3 RS പൂർണമായി നശിച്ചു. ബിഎംഡബ്ല്യു M2-ന്റെ മുൻഭാഗം മുഴുവനായി തകർന്നിട്ടുണ്ട്. അതേസമയം, രണ്ട് ഡ്രൈവർമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ആരുടെ പിഴവാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. എന്നാൽ പോർഷെ, ബിഎംഡബ്ല്യു പക്ഷമായി തിരിഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ പരസ്പരം ഏറ്റുമുട്ടലുകൾ തുടരുകയാണ്. ഞെട്ടിക്കുന്ന അപകട വീഡിയോകൾ കാണാം 👇
