മെസി ​ഗോളിൽ മയാമി; മോൺട്രിയലിനെതിരെ തകർപ്പൻ ജയം

ഫിലാഡൽഫിയ: സൂപ്പർ താരം ലയണൽ മെസിയുടെ ചിറകിലേറി വിജയം നേടി ഇന്റർ മയാമി. മേജർ സോക്കർ ലീ​ഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മോൺട്രിയലിനെ തകർത്താണ് മയാമി തിരിച്ചുവരവ് നടത്തിയത്.

4-1നാണ് മയാമിയുടെ വിജയം. ക്ലബ് ലോകകപ്പിൽ പിഎസ്ജിയോട് തോറ്റ് മയാമി പുറത്തായിരുന്നു. എതിരില്ലാത്ത നാലു ​ഗോളുകൾക്കാണ് പ്രീക്വാർട്ടറിൽ മയാമിയെ പിഎസ്ജി തോൽപ്പിച്ചത്.

മെസി ഇരട്ട​ഗോളുകൾ നേടി. മത്സരം ആരംഭിച്ച് ഉടൻ തന്നെ മയാമിയെ ഞെട്ടിച്ച് മോൺട്രിയൽ ​ഗോൾ നേടിയെങ്കിലും ആധിപത്യം നിലനിർത്താനായില്ല. നിറ‍ഞ്ഞുകളിച്ച മയാമി നാലു തവണയാണ് മോൺട്രിയൽ വല കുലുക്കിയത്. 33ാം മിനിറ്റിൽ ടാഡിയോ അലെൻഡേയിലൂടെ സമനില ​ഗോൾ നേടിയ മയാമി 40ാം മിനിറ്റിൽ മെസിയുടെ ​ഗോളിലൂടെ ആധിപത്യം നേടി. 60ാം മിനിറ്റിലാണ് മൂന്നാം ​ഗോൾ പിറന്നത്. 62ാം മിനിറ്റിൽ മനോഹരമായ സോളോ ​ഗോളിലൂടെ മെസി മയാമിയുടെ പട്ടിക തികച്ചു. മയാമിയുടെ അവസാന നാല് മത്സരങ്ങളിൽ നിന്ന് മെസി ഏഴ് ഗോളുകളാണ് നേടിയത്.