നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പേ വേര്‍ഡിനോട് ചേര്‍ന്ന് പതിനഞ്ച് വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. അതേസമയം യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ബന്ധുവായ പത്ത് വയസുകാരിയുടെ സാമ്പിള്‍ പരിശോധാനാഫലം ഇന്ന് വന്നേക്കും. കുട്ടി പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചു.

ഇതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം വെള്ളിയാഴ്ചയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു. ഇന്നലെ രാത്രിയോടെ യുവതിയുടെ ആരോഗ്യനില മോശമായി. ഇതിന് പിന്നാലെയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
…..