പ്രവചനം ‘പാളി’, പക്ഷേ ജപ്പാൻ ‘കുലുങ്ങി’; ടൂറിസം മേഖലയ്ക്ക് വൻ നഷ്ടം; സമൂഹമാധ്യമങ്ങളിൽ ട്രോൾ ‘സുനാമിയും’

0
75

ടോക്കിയോ: ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റിയോ തത്സുകി എന്ന എഴുപതുകാരിയുടെ പ്രവചനങ്ങൾ ‘പാളി’യതിന്റെ അശ്വാസത്തിലാണു ജാപ്പനീസ് ജനത. ജൂലൈ 5ന് ജപ്പാനില്‍ സൂനാമിദുരന്തം സംഭവിക്കുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം. കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രവചനത്തിന്റെ പിന്നാലെയായിരുന്നു സമൂഹമാധ്യങ്ങൾ ഒന്നാകെ. താൻ സ്വപ്നത്തിൽ കണ്ടത് എന്ന വാദത്തോടെ റിയോ തത്സുകി ഇതിനു മുൻപും തന്റെ പുസ്തകത്തിലൂടെ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

യാഥാർഥ്യമോ ഭാവനയോ എന്ന് ഉറപ്പില്ലാത്ത ഈ പ്രവചനങ്ങൾ സംഭവിച്ചതോടെ, ലോകമെമ്പാടുമുള്ള ആളുകൾ ഭയത്തോടെയും ആശങ്കയോടെയുമാണ് തത്സുകിയുടെ പ്രവചനത്തെ കണ്ടത്. ആശങ്കപ്പെട്ടതു പോലെ ഒന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. ഇതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്.

തത്സുകി പ്രവചിച്ച ‘ദുരന്തസമയം’ ആയ പുലർച്ചെ 4.18 പിന്നിട്ടിട്ടും ജപ്പാനില്‍ എവിടെയും വലിയ ദുരന്തങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്നു ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തത്സുകിയുടെ പ്രവചനത്തോടെ ജപ്പാനിലെ ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. ലക്ഷകണക്കിന് ടൂറിസ്റ്റുകളാണ് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത്. ആളുകള്‍ കൂട്ടത്തോടെ വിമാനയാത്ര ഉപേക്ഷിച്ചതോടെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇതില്‍നിന്നു മാത്രം ഏകദേശം 390 കോടി ഡോളര്‍ നഷ്ടം ജപ്പാനുണ്ടായെന്നാണു കണക്കുകള്‍. ആകെ നഷ്ടം 30,000 കോടിക്കു മുകളിലാണ്. ഏപ്രിലിൽ ജപ്പാനിൽ 3.9 ദശലക്ഷം സഞ്ചാരികളാണ് എത്തിയത്. എക്കാലത്തെയും ഉയർന്ന പ്രതിമാസ റെക്കോർഡായിരുന്നു ഇത്. എന്നാൽ മേയ് മുതൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ് ഉണ്ടായി.

2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകന്‍ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും കൃത്യമായ പ്രവചനങ്ങൾ നടത്തിയതാണ്  റിയോ തത്സുകിയെ ശ്രദ്ധേയയാക്കിയത്. ‘ദ് ഫ്യൂച്ചർ ഐ സോ’ എന്ന കൃതി ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള പ്രവചനമായി കണക്കാക്കപ്പെട്ടു.  15 സ്വപ്നങ്ങളിൽ 13 എണ്ണവും യാഥാർഥ്യമായപ്പോൾ ആ പ്രവചനങ്ങൾക്കു കൂടുതൽ വിശ്വാസ്യത ലഭിച്ചു. കോവിഡ്-19 വന്നപ്പോഴും 2020ൽ എത്തുന്ന ഒരു അജ്ഞാത വൈറസ് എന്ന പ്രവചനമാണിതെന്ന് വാദമുണ്ടായി.  എന്നാൽ തത്സുകിയുടെ, പ്രവചനങ്ങളിൽ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാൻ അധികൃതർ പറയുന്നു.