40 വര്‍ഷം കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്നു: തൊണ്ണൂറാം പിറന്നാളില്‍ ആഗ്രഹം വ്യക്തമാക്കി ദലൈലാമ

ധരംശാല: 130 വയസ് വരെ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് വിശ്വാസികളെ അറിയിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മരണത്തിന് ശേഷം തന്റെ പിന്തുടര്‍ച്ച അവകാശിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ദലൈലാമ പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെ 600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസം നിലവിലെ ദലൈലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുകയും ചെയ്തു.

ഞായറാഴ്ച തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനായി ധരംശാലയില്‍ അനുയായികള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് 130-ാമത്തെ വയസ് വരെ ജീവിതം പ്രതീക്ഷിക്കുന്നു എന്ന് ദലൈലാമ വ്യക്തമാക്കിയത്.

‘ഇതുവരെ ഞാന്‍ എന്റെ മികച്ചതാണ് ചെയ്തത്. ജീവജാലങ്ങളെയും ബുദ്ധധര്‍മ്മത്തെയും സേവിച്ചുകൊണ്ട് ഇനിയും 30-40 വര്‍ഷങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു.’ പരിപാടിയില്‍ തടിച്ച് കൂടിയ അനുയായികളെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

1959ല്‍ ചൈനീസ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് ടിബറ്റില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു. അതിന് ശേഷം ഇന്ത്യയിലെ ധരംശാലയിലാണ് ദലൈലാമ താമസിക്കുന്നത്. അടുത്ത ദലൈലാമയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പുതിയ ദലൈലാമയെ സംബന്ധിച്ച അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്നാണ് എന്നാണ് ചൈനയുടെ വാദം. എന്നാല്‍ പ്രാചീന ബുദ്ധമത വിശ്വാസത്തെ അടിസ്ഥാനമാക്കി വേണം അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാന്‍ എന്നാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൂടിയായ നിലവിലെ ദലൈലാമ പറയുന്നത്.

ഞായറാഴ്ചത്തെ ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുവാന്‍ വേണ്ടി ഇരുപതിനായിരത്തിലധികം ടിബറ്റന്‍ സമൂഹം ധരംശാലയില്‍ ഇതിനോടകം ഒത്തുകൂടിയിട്ടുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിലാകെ പോസ്റ്ററുകളും മറ്റും അനുയായികള്‍ സ്ഥാപിച്ചിട്ടുണ്ട്. നേതാക്കളും അനുയായികളും ഉള്‍പ്പടെ പതിനായിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.