ടെഹ്‌റാൻ: ഇസ്റാഈലുമായുള്ള യുദ്ധത്തെത്തുടർന്ന് ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ ഇറാൻ തുറന്നു. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാർത്താ ഏജൻസിയായ ‘ഇർന’ അറിയിച്ചു.
രാവിലെ അഞ്ചിനും വൈകീട്ട് ആറിനും ഇടയിൽ മാത്രമാണ് സർവീസ്. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ കേടുപറ്റിയ ഇസ്ഫഹാൻ, തബ്രീസ് വിമാനത്താവളങ്ങൾ തുറന്നിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവ പ്രവർത്തനമാരംഭിക്കുമെന്നും ഇർന പറഞ്ഞു. 12 ദിവസത്തെ യുദ്ധത്തിനുശേഷം ജൂൺ 24-നാണ് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.
അതിനിടെ, ഇറാന്റെ എണ്ണക്കയറ്റുമതിക്ക് യുഎസ് വ്യാഴാഴ്ച കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാഖി വ്യവസായി സലീം അഹമ്മദിനെയും അദ്ദേഹത്തിന്റെ യുഎഇ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന എണ്ണക്കമ്പനിയെയുമാണ് ഉപരോധിച്ചത്. ഇറാഖി എണ്ണയെന്നപേരിൽ സലീമിന്റെ കമ്പനി ഇറാനിൽനിന്ന് എണ്ണ കള്ളക്കടത്ത് നടത്തുന്നുണ്ടെന്നാണ് യുഎസിന്റെ ആരോപണം.





