സമോറ: പോർച്ചുഗീസ് ഫുട്ബോളർ ഡിയോഗോ ജോട്ട (28) കാറപകടത്തിൽ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനു വേണ്ടി കളിക്കുന്ന ജോട്ട സ്പെയിനിലെ സമോറയിൽ ഓഫ് റോഡ് യാത്രക്കിടെയാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ.
അപകടസമയത്ത് ഫുട്ബോളറായ സഹോദരൻ രന്ദ ജോട്ടയും (26) ഉണ്ടായിരുന്നു. ദീർഘകാല സൂഹൃത്ത് റൂത്ത് കർദോസോയെ വിവാഹം ചെയ്ത് രണ്ടാഴ്ചക്കുള്ളിലാണ് ഡിയോഗോയുടെ മരണം. ദീർഘകാലമായി ഒന്നിച്ചു താമസിക്കുന്ന ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
പോർച്ചുഗൽ കിരീടം നേടിയ യുവേഫ നാഷൻസ് ലീഗിൽ കളിച്ച ജോട്ട, ഫൈനലിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. 105-ാം മിനുട്ടിൽ പെഡ്രോ നെറ്റോയ്ക്കു പകരക്കാരനായാണ് താരം കളിച്ചത്. ടൂർണമെന്റിനു ശേഷം അവധിക്കാലം ആഘോഷിക്കുന്നതിനു വേണ്ടിയാണ് സ്പെയിനിൽ പോയത് എന്നാണ് വിവരങ്ങൾ.
ഡിയോഗോ ജോസ് ടെക്സൈറ ഡ സിൽവ എന്ന ഡിയോഗോ ജോട്ട 1996 ഡിസംബർ 4-ന് പോർട്ടോയിലെ മസ്സാരെലോസിലാണ് ജനിച്ചത്. മികച്ച ഫിനിഷിങ്, വേഗത, ഡ്രിബ്ലിങ് കഴിവുകൾ എന്നിവയിലൂടെ ഫുട്ബോൾ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച താരം പോർച്ചുഗലിന്റെറെയും ലിവർപൂളിന്റെയും പ്രധാന താരങ്ങളിലൊരാളാണ്.