മെട്രോ കോച്ചിൽ നിന്ന് അബദ്ധത്തിൽ പുറത്തിറങ്ങി രണ്ട് വയസുകാരൻ; ജീവനക്കാരന്‍റെ സമയോചിതമായ ഇടപെടലിൽ രണ്ട് വയസുകാരന് അത്ഭുത രക്ഷപ്പെടൽ

മെട്രോ ജീവനക്കാരന്‍റെ സമയോചിതമായ ഇടപെടലിൽ രണ്ട് വയസുകാരന് അത്ഭുത രക്ഷപ്പെടൽ. മുംബൈ മെട്രോയുടെ യെല്ലോ ലൈൻ 2A-യിലെ ജീവനക്കാരനായ സങ്കേത് ചോദങ്കറാണ് ഒരു രണ്ട് വയസുകാരന്‍റെ രക്ഷകനായി മാറിയത്. ബംഗൂർ നഗർ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം മെട്രോ ട്രെയിൻ എടുക്കുന്നതിന് തൊട്ട് മുൻപായി രണ്ട് വയസ്സുകാരൻ മെട്രോയില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു. കുട്ടി പുറത്തിറങ്ങിയതും മെട്രോയുടെ വാതിലുകൾ അടഞ്ഞു. അതോടെ ഭയന്നുപോയ കുട്ടി കരയുകയും തിരികെ കയറാനായി വാതിലിൽ മുട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഈ സമയം അവിടെ ജോലിയിലുണ്ടായിരുന്ന സങ്കേത് ചോദങ്കർ അത് കാണുകയും കുട്ടിക്കരികിലേക്ക് ഓടിയെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. ജൂൺ 29 ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്.

ഞെട്ടിപ്പിക്കുന്ന ഈ സംഭവങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞതോടെ സംഗതി വൈറലായി. നിരവധി പേരാണ് സങ്കേത് ചോദങ്കറിന്‍റെ ജാഗ്രയോടെയുള്ള പ്രവർത്തനത്തെ അഭിനന്ദിച്ചത്. കുട്ടി അബദ്ധത്തിൽ പുറത്തിറങ്ങിയതാണെന്ന് തിരിച്ചറിഞ്ഞതും ഇദ്ദേഹം വളരെ വേഗത്തിൽ ട്രെയിൻ ഓപ്പറേറ്റർക്ക് വിവരം നൽകുകയും ട്രെയിൻ പുറപ്പെടുന്നത് തടയുകയും ചെയ്തു. തുടർന്ന് മെട്രോ കോച്ചിന്‍റെ വാതിലുകൾ തുറന്ന് കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.