- ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്
കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് തിങ്കളാഴ്ച രാത്രി പാമ്പിനെ കണ്ടത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.
വനംവകുപ്പുമായി ബന്ധപ്പെട്ടതിനു പിന്നാലെ പാമ്പുപിടുത്തക്കാരനായ ബിജിലേഷ് കോടിയേരി എത്തി രാജവെമ്പാലയെ പിടികൂടി. സർപ്പ വോളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിയാണ് രാജവെമ്പാലയെ പിടികൂടിയത്.
പാമ്പ് കേറിക്കൂടിയ സമയം കുട്ടികളാരും കളിപ്പാട്ടത്തിനടുത്തില്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം നടക്കുന്നത്. ടോയ് കാര്‍ കുട്ടി കളിക്കാന്‍ എടുക്കുന്ന സമയത്താണ് പാമ്പിനെ കണ്ടതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഏതാണ് ആറടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്. കാറിന്റെ ഉള്ളില്‍ ചുരുണ്ടുകിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.
കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം
രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. കടിയേറ്റാൽ 6 മുതൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. രാജവെമ്പാലയ്ക്കു ശരാശരി 10–18 അടി നീളമുണ്ടാകും.
ആയുർദൈർഘ്യം 20 വർഷം. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്. ഇന്ത്യയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ മറുമരുന്ന്–എഎസ്‌വി(ആൻറി സ്നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. തായ്‌ലൻഡിൽ ഇത് ലഭ്യമാണ്.
