റിയാദ് മെട്രോ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സമയങ്ങൾ പ്രഖ്യാപിച്ചു

0
171
  • ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്
  • ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്.

റിയാദ്: ജൂലൈ മുതൽ ശനി മുതൽ വ്യാഴം വരെയും വെള്ളിയാഴ്ചയിലെയും ദിവസങ്ങളിലെ സമയങ്ങൾ റിയാദ് മെട്രോ പ്രഖ്യാപിച്ചു. ജൂലൈ ആദ്യ ശനിയാഴ്ച മുതലുള്ള സമയ ക്രമീകരണം ആണ് പ്രഖ്യാപിച്ചത്. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെയായിരിക്കും യാത്രാ സമയം. എന്നാൽ, വെള്ളിയാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയുമായിരിക്കും ട്രെയിൻ സമയം എന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അറിയിച്ചു.

ജൂലൈ ആദ്യ ശനിയാഴ്ച മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയും റിയാദ് മെട്രോയുടെ പതിവ് പ്രവർത്തന സമയം എന്ന് പബ്ലിക് ട്രാൻസ്പോർട്ട് അക്കൗണ്ട് വിശദീകരിച്ചു. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. പ്രധാന അന്താരാഷ്ട്ര കമ്പനികളായ സീമെൻസ് (ജർമ്മനി), ബോംബാർഡിയർ (കാനഡ), അൽസ്റ്റോം (ഫ്രാൻസ്) എന്നിവ നിർമ്മിച്ച 190 ട്രെയിനുകളുടെയും 452 കാറുകളുടെയും സംയോജനമാണ് റിയാദ് മെട്രോ. കൂടാതെ മെട്രോ നെറ്റ്‌വർക്കിന്റെ വിവിധ റൂട്ടുകളിലായി 19 പാർക്കിംഗ് സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. റിയാദ് മെട്രോ പദ്ധതിയിൽ നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 ട്രെയിൻ സ്റ്റേഷനുകൾ ഉൾപ്പെടുന്നു, ആധുനിക എഞ്ചിനീയറിംഗ് സവിശേഷതകൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇവ വാസ്തുവിദ്യാ സൗന്ദര്യവും പ്രവർത്തനക്ഷമതയും സംയോജിപ്പിക്കുന്ന ഒരു മൾട്ടി ഉപയോഗ ലക്ഷ്യസ്ഥാനമാക്കി കേന്ദ്രങ്ങളെ മാറ്റുന്നു.

റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ഇതില്‍ പെട്ട മൂന്നാം ട്രാക്ക് ആയ ഓറഞ്ച് ലൈനിലാണ് (മദീന റോഡ്) അവസാനമായി സര്‍വീസ് ആരംഭിച്ചത്. ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചു മുതലാണ് സര്‍വീസുകള്‍ തുടങ്ങിയത്. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡ് (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചു.

ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു

സഊദി അറേബ്യയുടെ വിശാലമായ പാരിസ്ഥിതിക പ്രതിബദ്ധതകളുമായും 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യവുമായും മെട്രോ പദ്ധതി യോജിച്ചുപോകുന്നു. തലസ്ഥാന നഗരിയിലെ നിര്‍ണായകമായ ഗതാഗത പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെട്രോ സംവിധാനം ആരംഭിച്ചത് നഗര ഗതാഗത മേഖലയില്‍ നാഴികക്കല്ലായി മാറി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്.

മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രതിദിനം 12 ലക്ഷത്തോളം യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള റിയാദ് മെട്രോയുടെ പ്രതിദിന ശേഷി 36 ലക്ഷമായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കും. ഈ മാറ്റം ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കുക മാത്രമല്ല, കൂടുതല്‍ സുസ്ഥിരമായ നഗരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഗതാഗതത്തിനപ്പുറം, മെട്രോ പ്രധാന മേഖലകള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും നഗരവാസികളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റിയാദ് മെട്രോ പദ്ധതി സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ഭാഗമാണ്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍കരിക്കാനും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.