ഓക്ക്ലൻഡ്: ന്യൂസീലൻഡിൽ ഗുരുതരമായ ചികിത്സാ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിൽ നിന്ന് കുടിയേറിയ ദന്തഡോക്ടറായ ഭാരത് രാജ സുബ്രമണി (ബാരി)ക്കെതിരെ കുടൂതൽ നടപടികൾക്ക് സാധ്യത.
ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ കവിളിൽ എയർഫ്ലോ പോളിഷർ ഉപയോഗിച്ച് തുളച്ചതിനും, രോഗിയുടെ സമ്മതം വാങ്ങാതെ ചികിത്സിച്ചതിനും, മതിയായ രേഖകൾ സൂക്ഷിക്കാത്തതിനും ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ ഭാരത് രാജ സുബ്രമണിയെ കുറ്റക്കാരനായി കണ്ടെത്തി.
2023ൽ ഹെൽത്ത് പ്രാക്ടീഷനേഴ്സ് ഡിസിപ്ലിനറി ട്രിബ്യൂണൽ സുബ്രമണിയുടെ റജിസ്ട്രേഷൻ മൂന്ന് വർഷത്തേക്ക് റദ്ദാക്കുകയും 150,000 ഡോളർ പിഴ ചുമത്തുകയും ചെയ്തിരുന്നു. 2017 ഒക്ടോബർ മുതൽ 2018 ഒക്ടോബർ വരെയുള്ള കാലയളവിൽ 11 രോഗികളിൽ നടത്തിയ ചികിത്സകളിൽ പിഴവുകൾ ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. അമിതമായ ഫീസ് ഈടാക്കുക, ആവശ്യമില്ലാത്ത ചികിത്സ നൽകുക, സ്വന്തം വൈദഗ്ധ്യത്തിന് പുറത്തുള്ള കാര്യങ്ങൾ ചെയ്യുക, വിവരങ്ങൾ നൽകാതെ സമ്മതം വാങ്ങാതെ ചികിത്സിക്കുക എന്നിവയും പിഴവുകളിൽ ഉൾപ്പെടുന്നു.
മൂന്ന് രോഗികൾക്ക് കൂടി നൽകിയ ദന്തൽ സേവനങ്ങളിൽ സുബ്രമണി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി സർവീസസ് കൺസ്യൂമേഴ്സ് കോഡ് ലംഘിച്ചതായി ഡപ്യൂട്ടി ഹെൽത്ത് ആൻഡ് ഡിസബിലിറ്റി കമ്മീഷണർ വനേസ കാൾഡ്‌വെൽ കണ്ടെത്തിയിട്ടുണ്ട്.
75 വയസ്സുള്ള രോഗിയുടെ പല്ലുകൾ പോളിഷ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എയർഫ്ലോ പോളിഷർ സ്ലിപ്പ് ആയി കവിളിൽ തുളച്ചുകയറിയ സംഭവം ഗുരുതരമായ പിഴവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018 മാർച്ചിലാണ് സംഭവം നടന്നത്. മിസ് എ എന്ന് പരാമർശിക്കുന്ന ഈ രോഗിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും തൊണ്ടയും കവിളും കഴുത്തും വീർക്കുകയും ചെയ്തു. സുബ്രമണിയുടെ പെരുമാറ്റം വളരെ മോശവും പരുഷവുമായിരുന്നെന്നും, പല്ല് വൃത്തിയാക്കുന്നതിനും പോളിഷ് ചെയ്യുന്നതിനും താൻ സമ്മതിച്ചിട്ടില്ലെന്നും, ഉയർന്ന അപകടസാധ്യതകളെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. സുബ്രമണി പോളിഷർ ഉപയോഗിച്ചത് തെറ്റായ രീതിയിലാണെന്നും, സോഡിയം ബൈകാർബണേറ്റ് അടങ്ങിയ നോസിൽ പല്ലിൽ നിന്ന് അകലേക്ക് പിടിക്കുന്നതിന് പകരം മോണയിലേക്ക് തിരിച്ചാണ് പിടിച്ചതെന്നും കാൾഡ്‌വെൽ കണ്ടെത്തി.
മിസ്റ്റർ സി എന്ന മറ്റൊരു രോഗിക്ക് 2021 ഡിസംബർ മുതൽ 2022 ജനുവരി വരെ എട്ട് അപ്പോയിന്റ്‌മെന്റുകളിലായി നൽകിയ ചികിത്സയ്ക്ക് സമ്മതം വാങ്ങിയിരുന്നതിന് തെളിവില്ലെന്ന് കാൾഡ്‌വെൽ പറഞ്ഞു. അക്കാലത്ത് സുബ്രമണി ഡെന്റൽ കൗൺസിലിന്റെ അച്ചടക്ക നടപടികൾക്കിടയിൽ മേൽനോട്ടത്തിലായിരുന്നു. ഈ ചികിത്സയിൽ ഒരു പല്ല് പറിക്കലും ഉൾപ്പെടുന്നു. സുബ്രമണിയുടെ ആശയവിനിമയം അനുചിതമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്ലിനിക്കൽ രേഖകൾ അപൂർണ്ണവും വ്യക്തമല്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായിരുന്നുവെന്നും കാൾഡ്‌വെൽ വിലയിരുത്തി. ഇത് അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയിൽ നിന്നുള്ള ഗുരുതരമായ വ്യതിയാനമാണ്.
2018 ഏപ്രിലിൽ മിസ്റ്റർ ബി എന്ന മറ്റൊരു രോഗിക്ക് യാതൊരു കാരണവും കൂടാതെ സുബ്രമണി ആന്റിബയോട്ടിക്കുകൾ നൽകിയതും അംഗീകരിക്കപ്പെട്ട ചികിത്സാരീതിയിൽ നിന്നുള്ള ഗുരുതരമായ വ്യതിയാനമാണെന്ന് കാൾഡ്‌വെൽ കണ്ടെത്തി. മിസ്റ്റർ ബിക്ക് 400 ഡോളർ ചികിത്സാ ചെലവ് പറഞ്ഞിട്ട് 1400 ഡോളർ ഈടാക്കി. സുബ്രമണി നടത്തിയ ചികിത്സക്ക് ശേഷം തനിക്ക് ഒട്ടറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും, നാല് വ്യത്യസ്ത ദന്തഡോക്ടർമാരെ കാണുകയും ആയിരക്കണക്കിന് ഡോളർ ചികിത്സക്കായി ചെലവഴിക്കുകയും ചെയ്തുവെന്നും ഒടുവിൽ സുബ്രമണി ചികിത്സിച്ച രണ്ട് പല്ലുകൾ നീക്കം ചെയ്യേണ്ടിവന്നുവെന്നും രോഗി പറഞ്ഞു.





