രഹസ്യമായി വിവാഹിതരായി: 3 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു, കേസിൽ അമ്മയും അറസ്റ്റിൽ

മുംബൈ: പരിപാലിക്കാൻ പണമില്ലെന്ന കുറിപ്പെഴുതി വച്ച് 3 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിൽ മുംബ്ര സ്വദേശിനിയായ അമ്മയും (20) അറസ്റ്റിലായി. മാതാപിതാക്കളോട് കുഞ്ഞിനെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

ഭിവണ്ടി സ്വദേശിയായ അച്ഛൻ അമൻ കോന്ദ്റിനെ (24) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അമൻ എൻജിനീയറിങ് ബിരുദധാരിയാണ്. കുടുംബത്തിന്റെ അറിവോടെയല്ലാതെ രഹസ്യമായാണ് ഇരുവരും കഴിഞ്ഞവർഷം വിവാഹിതരായത്.

അതിനാൽ, വീട്ടുകാർ എതിർക്കുമെന്നു ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. മുംബ്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തുടർന്ന്, പൻവേലിലെ താക്ക കോളനിയിലുള്ള പെൺകുട്ടികളുടെ അനാഥാലയത്തിനു സമീപം റോഡരികിൽ നീല ബാസ്ക്കറ്റിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രദേശവാസികൾ കണ്ടെത്തിയ കുഞ്ഞ് നിലവിൽ ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്.