കുതിരാൻ: ദേശീയപാതയിൽ വഴുക്കുംപാറ മേൽപാതയിൽ ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ കുതിരാൻ തുരങ്കം പിന്നിട്ടയുടൻ ഞായറാഴ്ച രാത്രി 9 നായിരുന്നു അപകടം. റോഡിലേക്കു തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിർത്തിയ ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ യാത്രക്കാരും ബൈക്കും ലോറിക്കടിയിൽ പെട്ടു. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. ചക്രത്തിനടിയിൽ കുടുങ്ങിയ ഇരുവരും ലോറിയുടെ പിൻഭാഗത്തേക്കു തെറിച്ചുവീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തിനു ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.





