ഒരു ഗ്രാമത്തിലെ 19 പെൺകുട്ടികൾ അപകടത്തിൽ മരിച്ച ദാരുണ സംഭവം; ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്

0
305
  • മുന്തിരിതോട്ടത്തിൽ ജോലിക്ക് പോയ ഒരു ഗ്രാമത്തിലെ 15 നും 21 നും ഇടയിൽ പ്രായമുള്ള 19 പെൺകുട്ടികളാണ് ദാരുണമായി മരണപ്പെട്ടത്

ഈജിപ്തിലെ മെനൗഫിയ ഗവർണറേറ്റിൽ നടന്ന പ്രാദേശിക റോഡ് അപകടത്തിൽ ഉൾപ്പെട്ട ട്രക്ക് ഡ്രൈവറുടെ മെഡിക്കൽ പരിശോധനയിൽ അയാൾ മയക്കുമരുന്നും ഉത്തേജക മരുന്നുകളും ഉപയോഗിച്ചതായി സ്ഥിരീകരിച്ചതായി മെഡിക്കൽ റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് നിരവധി പെൺകുട്ടികളെ വഹിച്ചുകൊണ്ടിരുന്ന ഒരു മിനിബസിൽ ഒരു ഹെവി ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്

അപകടത്തിൽ 15 നും 21 നും ഇടയിൽ പ്രായമുള്ള 19 പെൺകുട്ടികളാണ് ദാരുണമായി മരണപ്പെട്ടത്. ഒരു ഗ്രാമത്തിൽ ഉള്ള ഈ പെൺകുട്ടികൾ മുന്തിരി ഫാമിൽ ജോലിക്ക് പോകുകയായിരുന്നു. അപകടത്തിന് ഉത്തരവാദിയായ ഡ്രൈവറെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. റിപ്പോർട്ട് സമർപ്പിക്കുകയും പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിനെ അറിയിക്കുകയും ചെയ്തു.  ദുരന്തത്തിൽ നടുങ്ങി കണ്ണീരില്ലാതെ ഗ്രാമമായി മാറിയിരിക്കുകയാണ് ഈജിപ്തിലെ മെനോഫിയ ഗ്രാമം.  ജീവിതം കൂട്ടി മുട്ടിക്കാനുള്ള ദൈനംദിന യാത്ര ഒരു ദുരന്തമായി മാറി. പെൺകുട്ടികൾ ദൈനംദിന ജീവിതം നയിച്ചു തിരിച്ചെത്തുന്നതിനു പകരം മയ്യത്ത് കട്ടിലുകളാണ് ഇന്നലെ വീടുകളിലേക്ക് എത്തിയത്.

വെള്ളിയാഴ്ച രാവിലെ മെനോഫിയ ഗവർണറേറ്റിലെ റീജിയണൽ റോഡിൽ, മുന്തിരി വിളവെടുക്കാൻ മുന്തിരിത്തോട്ടത്തിലേക്ക് പോകുകയായിരുന്ന കഫർ എൽ-സനാബ്‌സെ ഗ്രാമത്തിൽ നിന്നുള്ള 19 പെൺകുട്ടികളുമായി പുറപ്പെട്ട ഒരു മിനിബസ് ടാക്സിയാണ് ദുരന്തത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച മിനി ബസ് ഒരു ഹെവി ട്രക്കുമായി മുഖാമുഖം കൂട്ടിയിടിച്ചാണ് ദുരന്തം.

അപകടത്തിൽ 19 പെൺകുട്ടികളും മിനിബസ് ഡ്രൈവറും ഉൾപ്പെടെ 20 പേർ മരിച്ചു, മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു, ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മിനി ബസ് പൊടി പൊടിയായി.

പ്രാഥമിക അന്വേഷണത്തിൽ, ട്രക്കും പെൺകുട്ടികളും സഞ്ചരിച്ചിരുന്ന വാഹനവും നേരിട്ട് കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അമിത വേഗതയാണ് ദുരന്തകാരണമെന്നും കണ്ടെത്തി. അപകടത്തിന് കാരണക്കാരനായ ഡ്രൈവർ സുരക്ഷാ സേനയുടെ പിടിയിൽ അകപ്പെടുന്നതിന് മുമ്പ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, 14 നും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ 130 ഈജിപ്ഷ്യൻ പൗണ്ടിൽ (ഏകദേശം $2.50) കൂടുതൽ ദിവസ വേതനത്തിനാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചെറുപ്പത്തിൽ തന്നെ സ്കൂളുകളിൽ പോകാതെ പാതി വഴിയിൽ പഠനം നിർത്തിയാണ് ചിലർ മുഴുവൻ കുടുംബങ്ങളെയും പോറ്റുന്നത്.

കഫർ അൽ-സനാബ്‌സെ ഗ്രാമം അതി ഭയാനകമായ കൂട്ട ഖബറടക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് നിവാസികൾ മൃതദേഹങ്ങൾക്കൊപ്പം ദുഃഖത്തിന്റെയും സഹണത്തിന്റെയും വികാരഭരിതമായ രംഗങ്ങളിൽ സാക്ഷികളായി. ഗ്രാമത്തിലെ എല്ലാവരുടെയും മനസ്സിൽ തകർച്ചയുടെ കനലുകളും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വിലാപ ശബ്ദങ്ങളുമാണ് ഉയർന്നത്.