‘മതം വേർതിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും’; ഫാത്തിമ തഹ്‌ലിയ

0
229

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ ‘സംഘാവ്’ എന്ന് വിളിച്ചതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ. മതം വേര്‍തിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കുമെന്ന് തഹ്ലിയ ചോദിച്ചു. ആര്‍എസ്എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് അഭിമാന പൂര്‍വം പറയുന്നവരെ സംഘാവെന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നും ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച വീഡിയോയില്‍ ചോദിക്കുന്നു.

കുറേക്കാലമായി സിപിഐഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത് വര്‍ഗീയപരമായാണെന്ന് തഹ്ലിയ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളില്‍ സിപിഐഎം നല്‍കിയ പരസ്യത്തെയും വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനെയും ചൂണ്ടിയായിരുന്നു തെഹ്‌ലിയയുടെ പരാമര്‍ശം.

ഫാത്തിമ തഹിലിയ
‘രാജ്യത്തുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്ന് ആക്ഷേപിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. വടകരയിലെ ഇടതുപക്ഷ നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്താന്‍ പോകുമ്പോള്‍ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും’, തഹ്‌ലിയ ചോദിച്ചു.

തന്നെ ഹിന്ദുഐക്യവേദി നേതാവ് ശശികലയോട് ഉപമിച്ചതിനെതിരെയും തഹ്‌ലിയ വീഡിയോയില്‍ ചൂണ്ടിക്കാട്ടി. സൈബര്‍ സംഘാക്കള്‍ക്ക് ശശികല ചാപ്പക്കുത്തലാണല്ലോ പ്രധാന പരിപാടിയെന്ന് പറഞ്ഞ തഹ്‌ലിയ ശശികലയ്‌ക്കെതിരെ കേരള പൊലീസ് എത്ര കേസുകളെടുത്തെന്ന് ചോദിച്ചു. ആ ചാപ്പയടി കയ്യില്‍ വെച്ചാല്‍ മതിയെന്നും വരും നാളുകളില്‍ വേണമെങ്കില്‍ ശശികല ഫാന്‍സ് അസോസിയേഷന്‍ എന്നോ ശശികല സംരക്ഷണ സമിതിയെന്നോയുള്ള പേരില്‍ സൈബര്‍ സഖാക്കള്‍ക്ക് അറിയപ്പെടാമെന്നും തഹ്‌ലിയ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ ‘വാപ്പുട്ടിക്ക സംഘാവിന്റെ വാ പൂട്ടി’യെന്ന് തഹ്‌ലിയ
ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നാലെ തഹ്‌ലിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തഹ്‌ലിയയെ ശശികലയുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലുണ്ടായിരുന്നു.