ഓപ്പറേഷൻ ഡി ഹണ്ട്: 83 പേർ അറസ്റ്റിൽ

0
184

തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്‌ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 83 പേരെ അറസ്റ്റ്‌ ചെയ്‌തു.

മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.001522 കിഗ്രാം), കഞ്ചാവ് (1.1571 കിഗ്രാം), കഞ്ചാവ് ബീഡി (53 എണ്ണം) എന്നിവ പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി- ഹണ്ട് നടത്തി വരുന്നത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.